പോയത് മലേഷ്യയില്‍ നിന്നെത്തിയ മക്കളെ കൂട്ടിക്കൊണ്ടുവരാന്‍: വീടിന് ഏതാനും കിലോമീറ്റര്‍ അകലെ മരണം കവര്‍ന്നു

2 second read
Comments Off on പോയത് മലേഷ്യയില്‍ നിന്നെത്തിയ മക്കളെ കൂട്ടിക്കൊണ്ടുവരാന്‍: വീടിന് ഏതാനും കിലോമീറ്റര്‍ അകലെ മരണം കവര്‍ന്നു
0

പത്തനംതിട്ട: മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളായ
അനുവിനേയും നിഖിലിനേയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ വേണ്ടി പോയതായിരുന്നു പിതാക്കന്മാരായ ബിജു പി. ജോര്‍ജും മത്തായി ഈപ്പനും. വീടണയുന്നതിന് ഏതാനും കിലോമീറ്റര്‍ അകലെ നാലു പേരെയും മരണം കവര്‍ന്നു. അപകടമേഖലായി മാറിയിട്ടുള്ള പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടല്‍ മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശികളുടെ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

നവംബര്‍ 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍ വച്ചായിരുന്നു അനുവിന്റേയും നിഖിലിന്റേയും വിവാഹം. വിദേശത്ത് ജോലി ചെയ്യുകയായിരുന്നു നിഖില്‍. അനു എംഎസ്ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് യാത്ര പുറപ്പെട്ടത്. അമിതവേഗത്തില്‍ എത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കാര്‍ ഓടിച്ചിരുന്ന ബിജു ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.  ബസിന്റെ വലതു വശത്തേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മലേഷ്യയില്‍നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാന്‍ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലെത്തിയശേഷം ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു നിഖിലും അനുവും. തെലങ്കാനയില്‍നിന്നുള്ള 19 ശബരിമല തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. കാറിന്റെ മുന്‍സീറ്റില്‍ മത്തായിയും ബിജുവും ആണ് ഇരുന്നത്. അനുവും നിഖിലും കാറിനു പുറകിലായിരുന്നു.

റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയായ ശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നിരുന്നു. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗം തേടി യോഗം വിളിക്കാനിരിക്കുകയായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതിയില്ലാതെ കൂറ്റന്‍ അതിഥിയെത്തി: വനപാലകര്‍ വന്ന ചാക്കിലാക്കി: മഴയത്ത് വന്നു കയറിയ പെരുമ്പാമ്പിനെ കണ്ട് ഭയക്കാതെ പോലീസുകാരും

പത്തനംതിട്ട: ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അതിഥിയായി എത്തിയ കൂറ്റന്…