
കോഴഞ്ചേരി: നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ കാറിന് താങ്ങു കൊടുത്ത് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. ഇന്നലെ ഉച്ചയോടെ റാന്നി-തിരുവല്ല റോഡില്‍ തീയാടിക്കലിനും തടിയൂരിനും മധ്യേയുളള കടയാര്‍ ജംങ്ഷനടുത്ത് ഓലിക്കല്‍ എല്‍.പി.സ്കൂളിന് സമീപത്താണ് നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും തെന്നി മാറിന് താഴെയുളള വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞത്. റാന്നി ഭാഗത്ത് നിന്ന് വന്ന ഐത്തല സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. വലിയ ശബ്ദം കേട്ട് ഓടിയത്തിയ നാട്ടുകാര്‍ കണ്ടത് കാര്‍ ചരിഞ്ഞ് താഴെ കുഴിയിലേക്ക് വീഴുന്ന അവസ്ഥയിലായിരുന്നു. കുഴിയിലേക്ക് വീഴാതിരിക്കാന്‍ വീടിന്റെ മുറ്റത്ത് നിന്ന് തടികൊണ്ട് കാറിന് താങ്ങ് നല്കിയ ശേഷം കയര്‍ ഉപയോഗിച്ച് കെട്ടി നിര്‍ത്തി. വാഹന യാത്രികര്‍ പരുക്കില്ലാതെ രക്ഷപെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റാന്നി അഗ്നിരക്ഷാ സേന സംഭവ സ്ഥലത്ത് എത്തി കാര്‍ ഇവിടെ നിന്നും നീക്കം ചെയ്തു.