ശബരിമല: സന്നിധാനത്ത് വലിയ നടപ്പന്തലിന് സമീപം അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പന്നികള്‍ ഭക്തര്‍ക്ക് ഭീഷണിയാകുന്നു. വലിയ നടപ്പന്തലിലും സമീപത്തെ ട്രാക്ടര്‍ പാതയിലും പന്നികളെ കാണാം. നാല് നാള്‍ മുന്‍പ് പോലീസ് ബാരക്കിന് സമീപം പന്നികുത്തി പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. മാളികപ്പുറം, പോലീസ് ബാരക്ക് ഭാഗം അന്നദാന മണ്ഡപത്തിന് സമീപവും ഇവയെ കാണാം.
രാത്രിയില്‍ വലിയ നടപ്പന്തലില്‍ കിടന്നുറങ്ങുന്നവര്‍ക്കിടയിലൂടെ പന്നി പരക്കം പാഞ്ഞാണ് പോകുന്നത്. പന്നികള്‍ തമ്മില്‍ ഏറ്റു മുട്ടുന്നതിനിടെ സമീപത്ത് കൂടി പോകുന്നവര്‍ ക്ക് നേരെയും ഇവ തിരിയാറുണ്ട്. ആഹാര അവശിഷ്ടങ്ങള്‍ തിന്നാനാണ് ഇവ എത്തുന്നത്. മാലിന്യങ്ങള്‍ കിടക്കുന്നിടത്ത് പന്നികള്‍ ഉണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുന്‍പ് ഏകദേശം 93 പന്നികളെ ഇവിടെ നിന്നും കൂട്ടിലാക്കി പച്ചക്കാനത്ത് വനഭാഗത്ത് ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് കൊണ്ടുവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴും സന്നിധാനത്ത് പന്നികളുടെ ശല്യം ഉണ്ട്. തീര്‍ഥാടകര്‍ക്ക് നേരെ പന്നികള്‍ ചീറിപ്പാഞ്ഞടുക്കാറുണ്ട്.