പന്തളം: പൂഴിക്കാട് ചിറമുടിയില്‍ യുവതിയെ തലയ്ക്കടിച്ചു കൊന്നത് രണ്ടു വര്‍ഷം മുന്‍പ് മാത്രം പരിചയപ്പെട്ട ഫേസ്ബുക്ക് കാമുകന്. ഇരുവരും തമ്മിലുള്ള ലിവിങ് ടുഗദര്‍ ബന്ധത്തിനിടെ പങ്കാളിയുടെ അവിഹിതബന്ധം യുവതി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പൂഴിക്കാട് ചിറമുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുളക്കുഴ അരീക്കര കൊഴുവല്ലൂര്‍ പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത എന്ന് വിളിക്കുന്ന സജിത (42) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒപ്പം ഉണ്ടായിരുന്ന തിരുവനന്തപുരം, വെള്ളറട സ്വദേശിയായ ഷൈജു (34)വിനെയാണ് പോലീസ് തെരയുന്നത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെ പൂഴിക്കാട് ചിറമുടിയിലുള്ള വാടക വീട്ടില്‍ വച്ച് സജിതയെ തലയ്ക്ക് അടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് സുരേഷുമായി കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി പിണങ്ങി കഴിഞ്ഞിരുന്ന സജിത കൊഴുവല്ലൂര്‍ സ്വദേശിനിയാണ്.
തിരുവല്ലയില്‍ ഒരു കടയിലെ ജീവനക്കാരിയായിരുന്ന സജിത
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷൈജുമായി അടുപ്പത്തിലാവുകയായിരുന്നു. ഷൈജുവിനോടൊപ്പം ഭാര്യാ ഭര്ത്താക്കന്മാരായി ചിറമുടിയില്‍ വാടകവീട്ടില്‍ രണ്ടുവര്‍ഷമായി താമസിച്ചു വരികയുമായിരുന്നു. യുവതിയുടെ മരണം ഉറപ്പാക്കിയ ശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ആക്കി ഷൈജു നാടുവിടുകയായിരുന്നു. സമീപവാസികളുമായി യാതൊരു അടുപ്പവും ഇവര്‍ പുലര്‍ത്തിരുന്നില്ല. ബാംഗ്ലൂര്‍ താമസിക്കുന്ന പുഴിക്കാട് സ്വദേശിയുടെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചു വന്നത്. ഭാര്യയും മക്കളും ഉള്ള ഷൈജുവിന് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നതായും ഇതിനെ സജിത ചോദ്യം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവസ്ഥലത്ത് വിരലടയാളവിദഗ്ധരും സായ എന്ന പോലീസ് നായയും എത്തി തെളിവ് ശേഖരിച്ചിരുന്നു. ജില്ലാ പോലീസ് ചീഫ് സ്വപ്നില്‍ മധുകര്‍ മഹാജന് ,അടൂര്‍ ഡി.വൈ.എസ്.പി.ബി.ബിനു അടക്കമുള്ള ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി.സജിതയുടെ മക്കള്‍ സൂരജ്, അക്ഷയ. പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം യുവതിയുടെ സ്വദേശമായ പുന്തല, കൊഴുവല്ലൂരിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.