അടൂര്‍: കഴുത്തില്‍ കെട്ടിയിരുന്ന കയറുമായി ചതുപ്പ് നിലത്തിലേക്ക് വീണു പോത്ത് ചത്തു. ഇത് കണ്ട് ഉടമയായ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു. ഏനാദിമംഗലം മങ്ങാട് ഗണപതിവിലാസം തെക്കേതില്‍ രാമകൃഷ്ണന്‍ (70)ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.20ന് മങ്ങാട് ഗണപതിചിറയിലായിരുന്നു സംഭവം. രാമകൃഷ്ണന്‍ തന്റെ പോത്തിനെ ഗണപതിച്ചിറയ്ക്ക് സമീപമാണ് കെട്ടിയിരുന്നത്.
മേയുന്നതിനിടെ താഴ്ചയുള്ള ചതുപ്പിലേക്ക് വീണു പോയ പോത്ത് കഴുത്തില്‍ കയര്‍കുരുങ്ങി തൂങ്ങിനിന്നു. വിവരമറിഞ്ഞ് അടൂരില്‍ നിന്നും അഗ്‌നിരക്ഷാ സംഘം സ്ഥലത്തെത്തുമ്പോഴേക്കും പോത്ത് ചത്തിരുന്നു. ഇത് കണ്ടാണ് രാമകൃഷ്ണന്‍ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം ചിറയില്‍ നിന്നും കരയ്‌ക്കെടുത്തു. രാമകൃഷ്ണന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍. ഭാര്യ: രാധാമണി. മക്കള്‍: ബിന്ദു, സിന്ധു.ആര്‍, ബിജു.ആര്‍. മരുമക്കള്‍: ശിവരാമന്‍ നായര്‍, മോഹന്‍കുമാര്‍, അമൃത.