മല്ലപ്പള്ളി: യുവാവിനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ സുഹൃത്ത് അറസ്റ്റില്‍. കല്ലൂപ്പാറ പുതുശ്ശേരി പിണക്കുളത്ത് വീട്ടില്‍ വിനീത് എന്ന് വിളിക്കുന്ന ജോ വര്‍ഗീസ് (32) ആണ് പിടിയിലായത്. ചെങ്ങരൂര്‍ അടവിക്കമല കൊച്ചുപറമ്പില്‍ ശരത് കൃഷ്ണ(32)നെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഇരുവരും ഉറ്റ ചങ്ങാതിമാരായിരുന്നു. മാസങ്ങള്‍ക്കു മുമ്പുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പിണങ്ങി. ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയില്‍ മാരകമായി പരുക്കേറ്റ ശരത് ചികില്‍സയിലാണ്. ഇരുവരും പുതുശ്ശേരിയിലെ ക്ലബ്ബില്‍ പ്രവര്‍ത്തിച്ചിരുന്നു. ജോ നിലവിലെ പ്രസിഡന്റും ശരത് മുന്‍ പ്രസിഡന്റുമാണ്. ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം നടന്ന
ഡിസംബര്‍ 18 ന് രാത്രി 10 മണിക്കാണ് സംഭവം.
മത്സരം കണ്ടു കൊണ്ടിരുന്ന ശരത്തിനെ ഗ്രൗണ്ടിന്റെ ഒരുഭാഗത്തേക്ക് വിളിച്ചു മാറ്റിക്കൊണ്ടുപോയ ശേഷം ബാറ്റ് കൊണ്ട് തലക്കടിക്കുകയായിരുന്നു. ശക്തമായ അടിയില്‍ ഇടതു ചെവിയോടുചേര്‍ന്ന ഭാഗത്ത് മുറിവും തലയോട്ടിയിലെ അസ്ഥിക്ക് പൊട്ടലും സംഭവിച്ചു. തലച്ചോറിനുള്ളില്‍ രക്തസ്രാവവും ഉണ്ടായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട ശരത്തിന്റെ മൊഴിപ്രകാരം കീഴ്‌വായ്പ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ ജോയെ കണ്ടെത്താനുള്ള തെരച്ചില്‍ പോലീസ് വ്യാപിപ്പിച്ചിരുന്നു. ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ദ്ധരും പോലീസ് ഫോട്ടോഗ്രാഫറും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും വിളി സംബന്ധമായ രേഖകള്‍ ലഭ്യമാക്കുകയും ചെയ്തു. കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞുവന്ന ഇയാള്‍, ആലപ്പുഴ പട്ടണക്കാടുള്ള ഒരു ബാറില്‍ പാചകത്തൊഴിലാളിയായി ജോലി ചെയ്തുവരുന്നതായി പോലീസ് സംഘം കണ്ടെത്തി.
അന്വേഷണസംഘം അവിടെയെത്തി മൂന്ന് ദിവസത്തോളം ഹോട്ടലുകളും ഷാപ്പുകളുമൊക്കെ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തതിനെ തുടര്‍ന്ന്, പട്ടണക്കാട് പൊന്നാവെളിയില്‍ കീര്‍ത്തി പാലസ് ബാര്‍ ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോണ്‍ ഉപയോഗിക്കാതെയിരുന്ന പ്രതി ഒടുവില്‍ ബാറില്‍ കൂടെ ജോലിയെടുക്കുന്നയാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് നിര്‍ണായകമായത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ തന്ത്രപരമായ നീക്കത്തില്‍ പ്രതി കുടുങ്ങി.
ഹോട്ടല്‍ ജീവനക്കാരെ ഫോട്ടോ കാട്ടിയപ്പോള്‍ അവര്‍ തിരിച്ചറിയുകയും തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. സംഭവസ്ഥലത്തിന് അടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന് സമീപം കുറ്റിക്കാട്ടില്‍ നിന്നും ബാറ്റ് പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തു. 2010 ല്‍ കീഴവായ്പ്പൂര്‍ രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവകേസില്‍ ജോ വര്‍ഗീസ് പ്രതിയായിട്ടുണ്ട്. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ ആദര്‍ശ്, എ.എസ്.ഐ പ്രസാദ്, എസ്.സി.പി.ഓ അന്‍സിം, സി.പി.ഓ വിഷ്ണു, രതീഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ കീഴടക്കിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.