പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പൂങ്കാവ് മല്ലശേരി നിവാസികള്‍ കണ്ണീരോടെ വിട നല്‍കി. സ്വപ്നം കണ്ട ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കഴിയാതെ പിതാക്കന്മാര്‍ക്കൊപ്പം നിഖിലും അനുവും അന്ത്യയാത്ര ആയപ്പോള്‍ കണ്ട് നിന്നവര്‍ക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.
ഞായറാഴ്ച പുലര്‍ച്ചെ കോന്നി മുറിഞ്ഞകല്ലില്‍ ഗുരുമന്ദിരത്തിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന്‍ (61), മകന്‍ നിഖില്‍ (30), മരുമകള്‍ അനു(26), അനുവിന്റെ പിതാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (56) എന്നിവരുടെ സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചയോടെ മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ പൂര്‍ത്തീകരിച്ചു.
ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ രാവിലെ പുറത്തെടുത്ത് വിലാപയാത്രയായി ഇരുഭവനങ്ങളിലും എത്തിച്ചു. ഭവനങ്ങളില്‍ വിടവാങ്ങല്‍ പ്രാര്‍ഥനകള്‍ക്കുശേഷം കുടുംബാംഗങ്ങള്‍ അന്ത്യചുംബനം നല്‍കി. മരിച്ച മത്തായിയുടെ ഭാര്യ സാലിയുടെയും ബിജുവിന്റെ ഭാര്യ നിഷയുടെയും ദു ഖത്തിന് സമാശ്വാസം പകരാന്‍ ആര്‍ക്കുമായില്ല. തുടര്‍ന്ന് പൂങ്കാവ് പള്ളി ഓഡിറ്റോറിയത്തില്‍ നാല് മൃതദേഹങ്ങളും പൊതുദര്‍ശനത്തിനെത്തിച്ചു. 12 ഓടെ ദേവാലയത്തിനുള്ളിലെത്തിച്ച് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ചു.
മലങ്കര കത്തോലിക്കാ സഭയിലെയും സഹോദരീ സഭകളിലെയും ബിഷപ്പുമാരും വൈദികരും ശുശ്രൂഷകളില്‍ കാര്‍മികരായിരുന്നു. രാവിലെ മുതല്‍ വന്‍ജനാവലി ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങള്‍ ദേവാലയത്തിലെ കുടുംബ കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമായി സംസ്‌കരിച്ചു. സമാപന ശുശ്രൂഷകള്‍ക്ക് രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, ഡോ.സഖറിയാസ് മാര്‍ അപ്രേ, ജോഷ്വാ മാര്‍ നിക്കോദിമോസ്, ഏബ്രഹാം മാര്‍ സെറാഫിം, ഉമ്മന്‍ ജോര്‍ജ് തുടങ്ങിയവരും പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.