
തിരുവല്ല: രണ്ടുമാസം മുമ്പുണ്ടായ വാക്കുതര്‍ക്കത്തെതുടര്‍ന്ന് നിലനിന്ന മുന്‍വിരോധത്താല്‍ സഹോദരങ്ങളെയും സുഹൃത്തിനെയും കുത്തിയും വെട്ടിയും ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടാം പ്രതിയെ പോലീസ് പിടികൂടി. തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലില്‍ വീട്ടില്‍ പി ആര്‍ അര്‍ജുന്‍ (27) ആണ് അറസ്റ്റിലായത്. ഇയാള്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസ്സുകളിലും കോട്ടയം വാകത്താനം പോലീസ് സ്റ്റേഷനിലെ രണ്ടു കേസുകളിലും പ്രതിയായിട്ടുണ്ട്. ഇവയില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നു. കുറ്റപ്പുഴ ആറ്റുമാലില്‍ വീട്ടില്‍ സുജുകുമാറാണ് ഒന്നാം പ്രതി, ഇയാള്‍ ഒളിവിലാണ്.
ഞായര്‍ രാത്രി എട്ടു മണിയോടെ തിരുവല്ല മഞ്ഞാടി എവിഎസ് ഫ്‌ളാറ്റിന് സമീപം കാറിലെത്തിയ മഞ്ഞാടി ആമല്ലൂര്‍ ദേശത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ ഗോകുല്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് അഖിലേഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. അര്‍ജുനും ഒന്നാം പ്രതിയും ചേര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചു. കാറില്‍ നിന്ന് ഇറങ്ങിയ ഗോകുലിനെയും രാഹുലിനെയും അഖിലേഷിനെയും കത്തിയും കല്ലും കൊണ്ട് ആക്രമിച്ച് മാരകമായി പരുക്കേല്‍പ്പിക്കുകയായിരുന്നു.
അര്‍ജുന്‍ കയ്യിലിരുന്ന കത്തികൊണ്ട് അഖിലേഷിനെയാണ് ആദ്യം കുത്തിയത്, പുറത്താണ് കുത്തു കൊണ്ടത്. തടയാന്‍ ശ്രമിച്ച രാഹുലിന്റെ തലക്ക് കുത്തേറ്റു. ആക്രമണം തടയാന്‍ ശ്രമിച്ച ഗോകുലിനെ പിന്നീട് കുത്തിയും വെട്ടിയും അര്‍ജ്ജുന്‍ പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ തലയ്ക്കും മൂക്കിനും ഗുരുതരമായ മുറിവുകള്‍ സംഭവിച്ചു. ഒന്നാം പ്രതി കല്ലുകൊണ്ട് ഇടിക്കുകയും, ഇരുവരും ചേര്‍ന്ന് മൂവരെയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് കേസ്. പരുക്കേറ്റവരും അര്‍ജുനുമായി രണ്ട് മാസം മുമ്പ് തിരുവല്ലയിലെ ഒരു ബാറില്‍ വച്ച് സംഘര്‍ഷം ഉണ്ടായിരുന്നു, ഇതിന്റെ വിരോധം കാരണമാണ് ഇപ്പോഴത്തെ ആക്രമണം.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണംഊര്‍ജ്ജിതമാക്കിയ അന്വേഷണത്തില്‍, അര്‍ജ്ജുന്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം ലഭിച്ചു. ഇവിടെ നിന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ ഇടതുകൈമുട്ടിലും കൈപ്പത്തിയിലും മറ്റും മുറിവ് വച്ചുകെട്ടിയതുകണ്ട് ചോദിച്ചപ്പോള്‍ രാഹുല്‍ വടിവാള്‍ കൊണ്ട് വെട്ടിയതില്‍ സംഭവിച്ചതാണെന്ന് പറയുകയും, തുടര്‍ന്ന് ഇയാളുടെ മൊഴിപ്രകാരം രാഹുല്‍, ഗോകുല്‍, അഖിലേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. അര്‍ജ്ജുനെ തുടര്‍നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ. സുനില്‍കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ പ്രൊബേഷന്‍ എസ് ഐ ഹരികൃഷ്ണന്‍, എ എസ് ഐമാരായ ജോജോ ജോസഫ്, ജയകുമാര്‍,എസ് സി പി ഓമാരായ അഖിലേഷ്, എം എസ് മനോജ് കുമാര്‍, റ്റി സന്തോഷ് കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.