
പത്തനംതിട്ട: ബിരുദ വിദ്യാര്‍ത്ഥിയും പടയണി കലാകാരനുമായ ഇലന്തൂര്‍ സ്വദേശി ആനന്ദ് സന്തോഷ് നിര്‍മ്മിക്കുന്ന പടയണിക്കോലങ്ങളുടെ മിനിയേച്ചര്‍ ശ്രദ്ധേയമാകുന്നു. പടയണിക്കളത്തില്‍ ദേശദേവതക്ക് മുന്നില്‍ തുള്ളിയുറയുന്ന പടയണിക്കോലങ്ങളുടെ ചെറു മാതൃകകള്‍ പടയണി പഠിതാക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യും: മദ്ധ്യ തിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്ന അനുഷ്ഠാന കലാരൂപമായ പടയണി ഇലന്തൂരിലെ യുവ തലമുറയ്ക്ക് ജീവിതത്തിന്റെ ഭാഗം കൂടിയാണ്.
വ്രതനിഷ്ഠയോടെ പടയണി കലാകാരന്മാര്‍ പ്രകൃതിദത്തമായ വര്‍ണ്ണങ്ങള്‍ ചാലിച്ച് പച്ചപ്പാളയില്‍ വരച്ചെടുക്കുന്ന കോലങ്ങള്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ നിലനില്‍ക്കൂ. എന്നും കാണാന്‍ കേടുകൂടാതെ സൂക്ഷിക്കാവുന്ന പടയണിക്കോലങ്ങളുടെ ചെറു മാതൃകകള്‍ സൃഷ്ടിച്ചെടുക്കണമെന്ന ആലോചനയില്‍ ആനന്ദ് നടത്തിയ ആദ്യ പരീക്ഷണം തന്നെ വിജയകരമായി. പേനയും പെയിന്റും വാട്ടര്‍ കളറും എല്ലാം ഉപയോഗിച്ച് വരച്ചെടുക്കുന്ന രൂപങ്ങള്‍ ബുക്കിന്റെ പുറം താളില്‍ ഒട്ടിച്ച ശേഷം ഈറയില്‍ കെട്ടി ഉറപ്പിക്കുന്നതോടെ മിനിയേച്ചര്‍ രൂപങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും.
ആദ്യം നിര്‍മ്മിച്ച 101 പാള ഭൈരവിയുടെ രണ്ട് മിനിയേച്ചര്‍ രൂപങ്ങള്‍ ആനന്ദ് പടയണിക്കോലമെഴുത്തിലെ തന്റെ ആശാന്മാര്‍ക്ക് സമ്മാനിച്ചു. കോലമെഴുത്ത് അഭ്യസിക്കാന്‍ തന്നെ വര്‍ഷങ്ങളുടെ പ്രയത്‌നം ആവശ്യമാണ്. കേവലം നാല് വര്‍ഷത്തെ കോലമെഴുത്ത് കോലം തുള്ളല്‍ പഠനത്തിലൂടെ ആനന്ദ് നേടിയെടുത്ത കഴിവ് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. നിലവില്‍ ദേശദേവതയുടെ പ്രതീകമായി ഭദ്രകാളീ സങ്കല്‍പ്പത്തില്‍ പടയണിക്കളത്തിലെത്തുന്ന 101 പാള ഭൈരവിയുടെയും പടയണിക്കളത്തിലെ ഉഗ്രമൂര്‍ത്തി കാലന്‍കോലത്തിന്റെയും കാഞ്ഞിരമാലയുടേയും ഗണപതി, പക്ഷി, യക്ഷി തുടങ്ങിയവയുടേയുമെല്ലാം ചെറു രൂപങ്ങള്‍ ആനന്ദിന്റെ ശേഖരത്തിലുണ്ട്. പടയണിക്കോലങ്ങളുടെ ഓരോ ഘടകങ്ങള്‍ക്കും സാങ്കേതിക നാമങ്ങളുണ്ട്. അവ മനസിലാക്കുന്നതിന് പടയണി പഠിതാക്കള്‍ക്ക് ഇത്തരം ചെറു മാതൃകകള്‍ ഏറെ പ്രയോജനപ്പെടുമെന്ന് പടയണി ആശാന്മാര്‍ അഭിപ്രായപ്പെട്ടു. പടയണി പാഠ്യവിഷയമായതിനാല്‍ പഠനോപാധിയായി വിദ്യാര്‍ത്ഥികള്‍ക്കും പടയണിക്കോലങ്ങളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ ഉപകരിക്കും.