മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം ചികിത്സാപ്പിഴവ് മുലം: കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരേ അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്

0 second read
Comments Off on മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം ചികിത്സാപ്പിഴവ് മുലം: കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരേ അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
0

കൊച്ചി: തലവേദനയും ശാരീരിക അസ്വസ്ഥതകളുമായിസ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രോഗനിര്‍ണയത്തിലും ചികിത്സയിലും പിഴവുണ്ടായിട്ടുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ സാഹചര്യത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് കേസന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറണമെന്ന് കമ്മിഷന്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷണ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിക്കണം. 304 എ ഐ.പി.സിയോ സമാനമായ മറ്റു വകുപ്പുകളോ ഉള്‍പ്പെടുന്ന കുറ്റകൃത്യം കണ്ടെത്തിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് നാ് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചശേഷം എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് വീണ്ടും പരിഗണിക്കും

പത്തനംതിട്ട ഊന്നുകല്‍ കാര്‍ത്തികയില്‍ സുനുകുമാര്‍ പുരുഷോത്തമന്റെ മകള്‍ കീര്‍ത്തി സുനുകുമാര്‍(22) ആണ് മരിച്ചത്. പോണ്ടിച്ചേരി മഹാത്മഗാന്ധി മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന കീര്‍ത്തിയെ തലവേദനയെ തുടര്‍ന്നാണ് 2024 മേയ് 6 ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 9 ന് റിനൈ മെഡിസിറ്റിയിലേക്ക് മാറ്റി. മേയ് 10 നാണ് കീര്‍ത്തി മരിച്ചത്. യഥാര്‍ത്ഥ രോഗനിര്‍ണയം നടത്താതെ ചികിത്സിച്ചതു കാരണമാണ് മകള്‍ മരിച്ചതെന്നും ചികിത്സാപിഴവുണ്ടായതായും അച്ഛന്‍ സുനുകുമാര്‍ പുരുഷോത്തമന്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. കമ്മിഷന്‍ എറണാകുളം ഡി.എം.ഓയില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് വാങ്ങി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.ആര്‍.രാജന്‍, ന്യൂറോളജിസ്റ്റ് ഡോ.സജിത്ത് ജോണ്‍ (കളമശേരി മെഡിക്കല്‍ കോളേജ്), ഡോ.കെ.ജി ജയന്‍ (കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, ജനറല്‍ ആശുപത്രി, എറണാകുളം), ഡോ.പി.ആര്‍.അജീഷ് (കണ്‍സള്‍ട്ടന്റ് സൈക്യാട്രി, ജനറല്‍ ആശുപത്രി, എറണാകുളം), ഡോ.കെ.ജി. സുരഭ (ഒഫ്‌ത്തോള്‍മോളജി, ജനറല്‍ ആശുപത്രി, എറണാകുളം) എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തിയത്.

രോഗനിര്‍ണയം നടത്തുന്നതിനുമുള്ള മതിയായ പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും ആസ്റ്ററില്‍ നിന്നും റിനൈ മെഡിസിറ്റിയിലേക്ക് രോഗിയെ മാറ്റുമ്പോള്‍ ആശുപത്രി ജീവനക്കാരോടുകൂടിയ ഐ.സി.യു ആംബുലന്‍സ് ഉപയോഗിക്കണമായിരുന്നുവെന്നും വിദഗ്ധ പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗനിര്‍ണയത്തിലും ചികിത്സയിലും മതിയായ പരിചരണം ഉണ്ടായിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.

സംഭവത്തില്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം 0574/2024 കേസില്‍ അന്വേഷണ പുരോഗതിയുണ്ടായിട്ടില്ലെന്ന് പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. സെക്ഷന്‍ 174 സി.ആര്‍.പി.സി മാത്രമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട വകുപ്പ് ചേര്‍ക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…