
ചിറ്റാര്‍: സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികള്‍ക്കിടെ ക്രിസ്മസ് പാപ്പായെ പോലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി ചിറ്റാറില്‍ നടന്ന ഐക്യ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയാണ് സംഭവം. ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ ഫ്‌ളോട്ടില്‍ ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞ അഭിഷേകി (21) നാണ് മര്‍ദ്ദനമേറ്റത്.
ചിറ്റാര്‍ പോലീസ് നിശ്ചല ദൃശ്യം വഹിച്ചുകൊണ്ട് പോയ വാഹനം തടഞ്ഞു നിര്‍ത്തി വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. യുവാവിന്റെ മുഖത്ത് അടക്കം പരുക്ക് ഏറ്റിട്ടുണ്ട്. റാലി അവസാനിച്ച ശേഷം വാഹനം തിരിച്ച് ഫ്‌ളോട്ടിന്റെ സാധനങ്ങള്‍ ഇറക്കി വെക്കാന്‍ പോകും വഴിയാണ് പോലീസുകാര്‍ വാഹനം തടഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. പരുക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറ്റാര്‍ സ്‌റ്റേഷനിലെ അനില്‍കുമാര്‍ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ പരമായി മുന്നോട്ടു പോകുമെന്ന് യുസിഎഫ് നേതൃത്വം അറിയിച്ചു.
എന്നാല്‍, യുവാവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. ഇയാള്‍ പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ചോദ്യം ചെയ്തു. ഈ സമയം ഇയാള്‍ എസ്‌ഐയും അസഭ്യം പറഞ്ഞുവെന്നുമാണ് പോലീസ് പറയുന്നത്. മര്‍ദനമുണ്ടായിട്ടില്ല. പരസ്പരം വാക്കേറ്റം നടന്നുവെന്നും പറയുന്നു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ ആരോപണം.