കോന്നി ടൂര്‍ റൂട്ട് തെറ്റി ഇടതു മുന്നണിയില്‍ വീണു: സിപിഎം-സിപിഐ തമ്മിലടി തുടങ്ങി: ജീവനക്കാരെ ന്യായീകരിച്ച് കാനവും എ.പി ജയനും: എംഎല്‍എയ്‌ക്കൊപ്പം പാര്‍ട്ടി സെക്രട്ടറി മാത്രം

0 second read
Comments Off on കോന്നി ടൂര്‍ റൂട്ട് തെറ്റി ഇടതു മുന്നണിയില്‍ വീണു: സിപിഎം-സിപിഐ തമ്മിലടി തുടങ്ങി: ജീവനക്കാരെ ന്യായീകരിച്ച് കാനവും എ.പി ജയനും: എംഎല്‍എയ്‌ക്കൊപ്പം പാര്‍ട്ടി സെക്രട്ടറി മാത്രം
0

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് മൂന്നാറില്‍ ഉല്ലാസയാത്ര അടിച്ചു പൊളിക്കുമ്പോള്‍ ഇവിടെ അതിന്റെ അനന്തരഫലമായി തുടങ്ങിയ ചര്‍ച്ചകള്‍ സിപിഎംസിപിഐ അടിയിലേക്ക് നീങ്ങുന്നു. വിവാദത്തിന്റെ പേരില്‍ ജില്ലയില്‍ വീണ്ടും എല്‍ഡിഎഫ് ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. നേരത്തേ തന്നെ ഇവിടെ സിപിഎംസിപിഐ ബന്ധം നല്ല രീതിയിലല്ല പോകുന്നത്. അതിനിടെയാണ് കോന്നി താലൂക്ക് ഓഫീസിലെ ടൂര്‍ യാത്രാ വിവാദം ഉയര്‍ന്നിരിക്കുന്നത്.

കോന്നി എം.എല്‍.എ ജനീഷ് കുമാറിന്റെ ഇടപെടല്‍ എ.ഡി.എം ചോദ്യം ചെയ്തു. എ.ഡി.എമ്മിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എം.എല്‍.എയും രംഗത്ത് വന്നു. ജീവനക്കാരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി എ.പി ജയന്‍ എന്നിവര്‍ പിന്തുണച്ചപ്പോള്‍ എം.എല്‍.എയ്ക്കുള്ള പിന്തുണ ഒറ്റവരി പ്രസ്താവനയിലാണ് സി.പി.എം ജില്ലാ സെക്രട്ടറി നല്‍കിയിരിക്കുന്നത്.
ജീവനക്കാര്‍ ടൂര്‍ പോയ ദിവസം എം.എല്‍.എ താലൂക്ക് ഓഫീസില്‍ എത്തി ചാനലുകള്‍ക്ക് മുന്നില്‍ ലൈവ് ഷോ നടത്തിയതിനെയാണ് എ.ഡി.എം പി.ടി. രാധാകൃഷ്ണന്‍ വിമര്‍ശിച്ചത്. എം.എല്‍.എ തഹസില്‍ദാരുടെ സീറ്റില്‍ കയറിയിരിക്കുകയും ഹാജര്‍ ബുക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിന് എം.എല്‍.എയ്ക്ക് എന്ത് അധികാരമെന്നായിരുന്നു എ.ഡി.എമ്മിന്റെ ചോദ്യം. ജനപ്രതിനിധിയുടെ അധികാരമാണ് താന്‍ ഉപയോഗിച്ചതെന്ന് പറഞ്ഞ എം.എല്‍.എ എ.ഡി.എമ്മിനെതിരേ രൂക്ഷമായ ഭാഷയും പ്രയോഗിച്ചു. ഇവന്‍ എന്താണ് കരുതിയിരിക്കുന്നത് എന്നായിരുന്നു എംഎല്‍എയുടെ ചോദ്യം. ഇതോടെ വിനോദയാത്രാ വിവാദം വഴി മാറി. ചേരി തിരിഞ്ഞുള്ള പോരാണ് പിന്നീട് നടക്കുന്നത്. ആര്‍ക്കാണ് അധികാരം ജനപ്രതിനിധിക്കോ ഉദ്യോഗസ്ഥര്‍ക്കോ എന്നുള്ള ചര്‍ച്ച മുറുകുന്നതിനിടെയാണ് ജീവനക്കാരെ പിന്തുണച്ച് സി.പി.ഐ സംസ്ഥാനജില്ലാ സെക്രട്ടറിമാര്‍ രംഗത്തു വന്നത്. ജനീഷ്‌കുമാര്‍ താലൂക്ക് ഓഫീസില്‍ കാട്ടിക്കൂട്ടിയത് അപക്വമായ നടപടിയാണെന്ന് സി.പി.എമ്മിനുള്ളിലും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അവകാശമുണ്ട്: കാനം

കോന്നിയില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്രയ്ക്ക് പോയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അവകാശമുണ്ടെന്ന് കാനം വ്യക്തമാക്കി. കോന്നിയില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കട്ടെ. ഇത് രാഷ്ട്രീയ പ്രശ്‌നമൊന്നുമല്ല, ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയമാണ്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ എതെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എം.എല്‍.എ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെട്ടത് ശരിയായില്ല: എ.പി.ജയന്‍

കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ നടത്തിയ വിവാദ വിനോദ യാത്ര സംഭവത്തില്‍ പ്രതികരിച്ച കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയെ പിന്തുണയ്ക്കാതെ സി.പി.ഐ ജില്ലാ സെക്രട്ടറി എപി ജയന്‍. പരാതി പരിശോധിക്കാന്‍ ഒരു സംവിധാനം ഉള്ള സാഹചര്യത്തില്‍ എം.എല്‍.എ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെട്ടത് ശരിയായില്ല. ജീവനക്കാര്‍ കൂട്ട അവധിയെടുത്തതും ശരിയായ നടപടി അല്ല . എന്നാല്‍ ഉദ്യോഗസ്ഥരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേണമെന്നും എ.പി. ജയന്‍ പറഞ്ഞു.

പ്രവൃത്തി ദിവസത്തെ ടൂറിന് ന്യായീകരണമില്ല: കെ.പി. ഉദയഭാനു

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ നടത്തിയ പ്രവൃത്തി ദിവസത്തെ ടൂറിന് ന്യായീകരണമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ ദാസന്മാരാണ്. അതാണ് ഇടതു നയം. എം.എല്‍.എയുടെ ഇടപെടല്‍ ശരിയാണ്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയുടെ സമീപനമാണ് എം.എല്‍.എയില്‍ നിന്ന് ഉണ്ടായത്. എം.എല്‍.എയുടെ സ്ഥാനം എ.ഡി.എമ്മിന് മുകളിലാണ്. അത് എ.ഡി.എമ്മിന് അറിയില്ലായിരിക്കാമെന്നും കെ.പി. ഉദയഭാനു പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …