
ശബരിമല: ശ്രീ ധര്‍മ ശാസ്താവിന് പഞ്ചാമൃതം ഇടിച്ചു കൂട്ടുന്നതിനു വേണ്ടി തടിയില്‍ നിര്‍മിച്ച പുതിയ ഇടിക്കോല്‍ സമര്‍പ്പിച്ചു. പൊന്‍കുന്നം ചിറക്കടവ് പടിയപ്പള്ളി വീട്ടില്‍ സഹോദരങ്ങളായ അജി പി.ആര്‍, മനോജ് പി.ആര്‍, ജയന്‍ പി.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് തടിയില്‍ പുതിയ ഇടിക്കോല്‍ ദേവസ്വത്തിന്റെ നിര്‍ദേശപ്രകാരം നിര്‍മിച്ച് എത്തിച്ചത്.
തേക്ക് തടിയില്‍ നിര്‍മിച്ച ഇടിക്കോല്‍ പനിനീരും കരിക്കും നെയ്യും ചേര്‍ത്ത് പൂശി തണലത്ത് ഉണക്കിയാണ് എത്തിച്ചത്. ഇതിനുള്ള തടി നല്‍കിയത് പൊന്‍കുന്നത്തെ തിരുവപ്പള്ളി സോ മില്ലും തടി കടഞ്ഞുനല്‍കിയത് പൊന്‍കുന്നം സ്വദേശി അനൂപുമാണ്.
ചിറക്കടവ് മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്ന് വെള്ളിയാഴ്ച ദീപാരാധനയ്ക്ക് ശേഷമാണ് ഇടിക്കോലുമായി ഈ സഹോദരങ്ങള്‍ അയ്യപ്പന് സമര്‍പ്പിക്കാന്‍ മല കയറിയത്. ശനിയാഴ്ച പുതിയ ഇടിക്കോല്‍ സന്നിധാനത്ത് വെച്ച് സോപാനം അസി. സ്പെഷല്‍ ഓഫീസര്‍ എല്‍. രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി.