മകരജ്യോതി ദര്‍ശനം: സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ വകുപ്പുകളും

0 second read
Comments Off on മകരജ്യോതി ദര്‍ശനം: സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ വകുപ്പുകളും
0

ശബരിമല: മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശബരിമല ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ശ്രീജിത്ത്, സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ വി. അജിത്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ അവസാനവട്ട പരിശോധന പൂര്‍ത്തിയാക്കി.

മകരജ്യോതിദര്‍ശനത്തിനായി സന്നിധാനത്തും മറ്റിടങ്ങളിലും തമ്പടിച്ചിരിക്കുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തര്‍ പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാന്‍ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.

ഒന്നരലക്ഷത്തോളം ഭക്തരെയാണ് മകര വിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. കുട്ടികളും അമ്മമാരും നാളെ ദര്‍ശനത്തിന് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രസിഡന്‍്‌റ് അഭ്യര്‍ത്ഥിച്ചു. 15 മുതല്‍ 17 വരെ തിരുവാഭരണം ദര്‍ശനം ഉണ്ടായിരിക്കും. അവര്‍ക്ക് ഈ ദിവസം തെരഞ്ഞെടുക്കാവുന്നതാണ്. മകരവിളക്ക് ദര്‍ശനശേഷം മടങ്ങിപ്പോവാനായി തിരക്ക് കൂട്ടരുത്. മടക്കയാത്രക്കായി പമ്പയില്‍ 800 ഓളം ബസ്സുകള്‍ കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. 150 ഓളം ബസ്സുകള്‍ ഷട്ടില്‍ സര്‍വീസ് നടത്തും.

ജ്യോതിദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും തമ്പടിച്ചിരുന്ന ഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മൂന്ന് നേരവും അന്നദാനം അവര്‍ക്കരികിലേക്ക് എത്തിച്ചുനല്‍കുന്നുണ്ട്. ഇതിനുപുറമെ ഈ പോയിന്റുകളില്‍ കൂടുതല്‍ ചുക്കുവെള്ള കൗണ്ടറുകളും ബിസ്‌ക്കറ്റ് ഉള്‍പ്പെടെയുള്ള ലഘുഭക്ഷണവും പരമാവധി എത്തിക്കാനാണ് ശ്രമം. ഒരു കാരണവശാലും തമ്പടിച്ചിരിക്കുന്ന ഭക്തര്‍ അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലെന്ന് പോലീസിന്റെ കര്‍ശന നിര്‍ദേശമുണ്ട്. അതിനാലാണ് ദേവസ്വം ബോര്‍ഡ് അവര്‍ക്കരികിലേക്ക് ഭക്ഷണമെത്തിക്കുന്നത്. ഇന്ന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴി 50,000 ഭക്തരെയും തത്സമയ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 5,000 ഭക്തരെയുമാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. ചൊവ്വാഴ്ച വെര്‍ച്വല്‍ ക്യൂ വഴി 40,000 പേരെയും തത്സമയ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 1000 പേരെയും പ്രവേശിപ്പിക്കും.15 ന് രാവിലെ ആറ് മണിക്ക് ശേഷമേ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. അന്നേ ദിവസം രാവിലെ 11 ന് ശേഷം മാത്രമെ തത്സമയ ഓണ്‍ലൈന്‍ ബുക്കിംഗ് പുനരാരംഭിക്കുകയുള്ളൂ.

മകരവിളക്ക് ദിവസമായ 14 ന് രാവിലെ 10 മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നിയന്ത്രണമുണ്ടാകും. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് കടന്നുവരുന്നതിനാല്‍ 14 ന് ഉച്ചക്ക് 12 ന് ശേഷം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല. മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി 800 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 150 ഓളം ബസുകള്‍ ഷട്ടില്‍ സര്‍വീസ് നടത്തും. തിരുവാഭരണഘോഷയാത്രയെ വൈകിട്ട് 5.30 ന് ശരംകുത്തിയില്‍ ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസര്‍ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. 6.30 ന് കൊടിമരച്ചുവട്ടില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, തമിഴ്‌നാട് ഹിന്ദുമത ധര്‍മ്മ സ്ഥാപന വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തുടര്‍ന്ന് ഭഗവാന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും. മകരസംക്രമ മുഹൂര്‍ത്തമായ 14 ന് രാവിലെ 8.45 ന് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നും എത്തിക്കുന്ന നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്യുന്നത്.
19 ന് മാളികപ്പുറത്തെ മഹാഗുരുതിയോടെ ഈ മകരവിളക്ക് മഹോത്സവത്തിന് സമാപനമാവും. വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി. അജികുമാര്‍, ജി. സുന്ദരേശന്‍ എന്നിവരും പങ്കെടുത്തു.

ഹരിവരാസനം പുരസ്‌കാരം നാളെ
മന്ത്രി വി എന്‍ വാസവന്‍ കൈതപ്രത്തിന് സമ്മാനിക്കും

സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നല്‍കുന്ന ഹരിവരാസനം പുരസ്‌കാരം മകരസംക്രാന്തി ദിനമായ നാളെ രാവിലെ 10 മണിക്ക് ശബരിമല സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്‌റ് പി. എസ് പ്രശാന്ത് പറഞ്ഞു. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
തമിഴ്‌നാട് ഹിന്ദുമത ധര്‍മ്മ സ്ഥാപന വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു മുഖ്യാതിഥി ആയിരിക്കും. ആന്റോ ആന്റണി എംപി, എം.എല്‍.എ മാരായ അഡ്വ .കെ. യു ജനീഷ്‌കുമാര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി. എസ് പ്രശാന്ത്, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാരസമിതി ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) എസ് സിരിജഗന്‍, തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് (റിട്ട.) കെ രാമകൃഷ്ണന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ജില്ലാ ജഡ്ജ് ആര്‍ ജയകൃഷ്ണന്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, ജി. സുന്ദരേശന്‍, റാന്നിപെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, ദേവസ്വം കമ്മീഷണര്‍ സി വി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും. റവന്യൂ (ദേവസ്വം)/വകുപ്പ് അഡീഷണല്‍ സെക്രട്ടറി ടി ആര്‍ ജയപാല്‍ പ്രശസ്തിപത്ര പാരായണം നടത്തും.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടി നിയമലംഘനം നടത്തിയ ബൈക്കുകള്‍ക്ക് പിഴയീടാക്കി പത്തനംതിട്ട ട്രാഫിക് പോലീസ്

പത്തനംതിട്ട: നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടിച്ചുവന്ന രണ്ട് ബൈക്കുകള്‍ ട്രാഫിക് പോലീസ് പിടികൂട…