
കോഴഞ്ചേരി: നിയന്ത്രണം വിട്ട സ്‌കൂള്‍ വാന്‍ മറിഞ്ഞ് കുട്ടികള്‍ക്കും ആയയ്ക്കും ഡ്രൈവര്‍ക്കും നിസാര പരുക്ക്. അയിരൂര്‍ ജ്ഞാനാനന്ദ ഗുരുകുലം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസാണ് മറിഞ്ഞത്. ഡ്രൈവര്‍ വിഷ്ണു, കുട്ടികളുടെ സഹായി ഷീല, കാര്‍ത്തിക, ഗംഗാലക്ഷ്മി, കാശിനാഥ്, ആദിശങ്കര്‍, ആദികേശവ്, അദൈ്വത്, അഭിമന്യു, വൈഷ്ണവ് എന്നീ വിദ്യാര്‍ഥികള്‍ക്കുമാണ് പരുക്കേറ്റത്. രാവിലെ ഒന്‍പത് മണിയോടെ പുത്തേഴം മുളവേലിക്കുഴി ഭാഗത്താണ് അപകടം നടന്നത്. ഇറക്കത്തില്‍ വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ വശത്തെ തിട്ടയില്‍ ഇടിച്ചു നിര്‍ത്തിയെങ്കിലും വാന്‍ മറിയുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയവര്‍ കുട്ടികളെ വാഹനത്തിനു പുറത്തെത്തിച്ചു. പത്ത് കുട്ടികള്‍ ഉണ്ടായിരുന്നവരില്‍ പരിക്ക് പറ്റിയ എട്ടു പേരെയും വിഷ്ണുവിനെയും ഷീലയെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ നല്‍കി എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്തു.