
അടൂര്‍: കോടതി വളപ്പില്‍ കരാട്ടെ അഭ്യാസം കാണിച്ച മര്‍ദനക്കേസ് പ്രതി റിമാന്‍ഡില്‍. ഒരു പക്ഷേ, ജാമ്യം ലഭിക്കുമായിരുന്ന കേസിലാണ് കോടതി വളപ്പിലെ അഭ്യാസം കാരണം ജയിലില്‍ പോകേണ്ടി വന്നത്. ഷര്‍ട്ട് ഊരി കളഞ്ഞ പ്രതി കരാട്ടെ സ്‌റ്റെപ്പുകള്‍ കാണിച്ചു. കടയുടമയെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ ജോജന്‍ ഫിലിപ്പാണ് അഭ്യാസം കാട്ടിയത്. അഭിഭാഷകരും പൊലീസുകാരും നോക്കി നില്‍ക്കെയാണ് സംഭവം. അടൂര്‍ കോടതി വളപ്പിലാണ് പൊലീസും സാധാരണക്കാരും നോക്കി നില്‍ക്കെ പ്രതി അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരും സാധാരണക്കാരുമെല്ലാം നോക്കി നില്‍ക്കവെയാണ് പ്രതി കരാട്ടെ സ്‌റ്റെപ്പുകള്‍ പുറത്തെടുത്തത്. ചുറ്റിനും കൂടി നിന്നിരുന്ന ആളുകള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്. അടൂരിലെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ഷര്‍ട്ട് ഊരിയെറിഞ്ഞ പ്രതി കരാട്ടെ ചുവടുകള്‍ പ്രദര്‍ശിപ്പിച്ചു. ഇടയ്ക്ക് പോലീസുകാര്‍ക്കുനേരെ തിരിഞ്ഞും പ്രതി കരാട്ടെ ചുവടുകള്‍ കാണിച്ചു.
കടയുടമയെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ ജോഡു എന്നുവിളിക്കുന്ന ജോജന്‍ ഫിലിപ്പാണ് കോടതി വളപ്പില്‍ അഭ്യാസം കാണിച്ചത്. കോടതിയിലേക്ക് കയറ്റും മുമ്പ് പോലീസുകാര്‍ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഇതോടെ ജോജന്‍ ഷര്‍ട്ട് ഊരിയെറിയുകയും പത്ത് മിനുറ്റോളം കരാട്ടെ ചുവടുകള്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. കോടതി പരിസരമായതിനാല്‍ പോലീസിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിഞ്ഞില്ല. പിന്നീട് എ.പി.പി. മുഖേനെ പോലീസ് വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് കോടതി ജോജന്‍ ഫിലിപ്പിനെ നേരിട്ട് വിളിപ്പിക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച് വ്യാപാരിയെ മര്‍ദ്ദിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. തിങ്കളാഴ്ച രാവിലെയാണ് പന്തളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് അപ്രതീക്ഷിതമായി ഇയാള്‍ കരാട്ടെ ചുവടുകള്‍ പ്രദര്‍ശിപ്പിച്ചത്. ജോജന്‍ ഫിലിപ്പിന് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ് പറഞ്ഞു.