
അടൂര്‍: മുന്നില്‍ വലതു വശത്തെ ടയര്‍ വെടി തീര്‍ന്നതിനെ തുടര്‍ന്ന് മാണി സി. കാപ്പന്‍ എം.എല്‍.എയുടെ ഇന്നോവ കാര്‍ മറ്റൊരു കാറിലിടിച്ച് അപകടം. എംഎല്‍എയുടെ ഡ്രൈവര്‍ ജിജു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ജിജു പരുക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ വാഹനത്തില്‍ സഞ്ചരിച്ചിരുന്ന കോളജ് പ്രഫസര്‍ക്ക് പരുക്കേറ്റു.
കടമ്പനാട് കല്ലുകുഴിപോരുവഴി റോഡില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. എംഎല്‍എയെ കായംകുളത്ത് കല്യാണ ചടങ്ങില്‍ കൊണ്ടു വിട്ട ശേഷം ഡ്രൈവര്‍ ജിജു പാലായ്ക്ക് മടങ്ങുമ്പോഴാണ് അപകടം. മുന്നിലെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരേ വന്ന കാറിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അടൂര്‍ കിളിവയല്‍ കോളജിലെ പ്രഫസര്‍ റിന്‍സി ജോണിന് പരുക്കേറ്റു. എംഎല്‍എയുടെ കാറിന്റെ മുന്നില്‍ വലതു വശത്തെ ടയര്‍ റിം സഹിതം ഒടിഞ്ഞു മാറി. പരുക്കേറ്റ കോളജ് പ്രഫസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏനാത്ത് പോലീസ് മേല്‍നടപടി സ്വീകരിച്ചു.