ചങ്കിടിപ്പ് കൂട്ടാന്‍ രക്തരക്ഷസ് വീണ്ടുമെത്തുന്നു: പത്തനംതിട്ടയില്‍ 26 മുതല്‍: ദിവസേന വൈകിട്ട് ആറിനും രാത്രി ഒമ്പതിനും രണ്ട് പ്രദര്‍ശനങ്ങള്‍

0 second read
Comments Off on ചങ്കിടിപ്പ് കൂട്ടാന്‍ രക്തരക്ഷസ് വീണ്ടുമെത്തുന്നു: പത്തനംതിട്ടയില്‍ 26 മുതല്‍: ദിവസേന വൈകിട്ട് ആറിനും രാത്രി ഒമ്പതിനും രണ്ട് പ്രദര്‍ശനങ്ങള്‍
0

പത്തനംതിട്ട: സ്ഥിരം നാടകവേദിയെന്ന ആശയത്തിന് സാക്ഷാല്‍ക്കാരം നല്‍കിയ നാടകരംഗത്തെ അതികായന്‍ കലാനിലയം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത രക്തരക്ഷസ് എന്ന നാടകം 26 മുതല്‍ പത്തനംതിട്ടയില്‍ പ്രദര്‍ശനത്തിന് എത്തുന്നു. 51 കൊല്ലം മുന്‍പാണ് രക്തരക്ഷസ് ആദ്യമായി അരങ്ങിലെത്തിയത്. മലയാള നാടകത്തിന്റെ മുഖഛായ തന്നെ മാറ്റി എഴുതിയ നാടകമായിരുന്നു രക്തരക്ഷസും കടമറ്റത്ത് കത്തനാരും 1980 ല്‍ കലാനിലയം കൃഷ്ണന്‍ നായരുടെ മരണത്തോടെ സ്ഥിരം നാടകവേദിക്ക് കര്‍ട്ടന്‍ വീണു. ജഗതി എന്‍.കെ. ആചാരി ആയിരുന്നു രക്തരക്ഷസിന് നാടകരൂപം നല്‍കിയത്. 2003 ല്‍ കലാനിലയം കൃഷ്ണന്‍ നായരുടെ മകന്‍ അനന്തപത്മനാഭനും ജഗതി എന്‍.കെ. ആചാരിയുടെ മകന്‍ ജഗതി ശ്രീകുമാറും ചേര്‍ന്ന് കലാനിലയം സ്ഥിരം നാടകവേദി പുനരുജ്ജിവിപ്പിച്ചു. രക്തരക്ഷസും കടമറ്റത്ത് കത്തനാരും വീണ്ടും അരങ്ങിലെത്തി. 2012 ല്‍ ജഗതി ശ്രീകുമാറിന് കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റതോടെ കലാനിലയത്തിന്റെ നടത്തിപ്പ് അനന്തപത്മനാഭന്‍ ഒറ്റയ്ക്കായി.

കോവിഡ് വന്നതോടെ നാടകവേദിയുടെ പ്രവര്‍ത്തനം വീണ്ടും മുടങ്ങി. പിന്നീട് ഏരിസ് കമ്പനി ഉടമ സോഹന്‍ റോയിയുമായി അനന്തപത്മനാഭന്‍ ചര്‍ച്ച നടത്തുകയും കലാനിലയം ഏരീസുമായി സഹകരിച്ച് പ്രദര്‍ശനം വീണ്ടും ആരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ ഏരീസ് കലാനിലയം ആര്‍ട്‌സ് ആന്‍ഡ് തീയറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് രൂപം കൊണ്ടു. ആദ്യമായി അവതരിപ്പിക്കുന്നത് രക്തരക്ഷസ് ആണ്. പൂര്‍ണമായും ശീതീകരിച്ച നാടകശാലയില്‍ പഴമയും പുതുമയും കോര്‍ത്തിണക്കിയാണ് നാടകം അരങ്ങേറുന്നതെന്ന് ഏരീസ് കലാനിലയം എം.ഡി അനന്തപത്മനാഭന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗവും നടനുമായ വിയാന്‍ മംഗലശേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

10,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. സദസില്‍ 600 പേര്‍ക്ക് ഇരിക്കാം. 7.1 ഡിജിറ്റല്‍ ശബ്ദമികവാണ് നാടകത്തിന്. മലയാളക്കര നെഞ്ചേറ്റിയ സല്‍ക്കലാ ദേവിതന്‍ ചിത്രഗോപുരങ്ങളില്‍ എന്ന തീം സോങ് ശ്രവ്യമികവോടെ നാടകത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. വേദിയില്‍ പടുകൂറ്റന്‍ ജംബോ ജറ്റ് പറന്നിറങ്ങും. കാറുകള്‍ ചീറിപ്പായും. സിനിമയെ വെല്ലുന്ന സെറ്റിങ്‌സുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവയൊന്നും ഡിജിറ്റല്‍ സഹായത്തോടെ അല്ല, സെറ്റാണെന്നും അനന്തപത്മനാഭന്‍ പറഞ്ഞു.

രക്തരക്ഷസ് ചാപ്റ്റര്‍ വണ്‍ ആണ് ഇപ്പോള്‍ അരങ്ങിലുള്ളത. ചാപ്റ്റര്‍ ടു അടുത്ത വര്‍ഷം അവതരിപ്പിക്കും. പിന്നാലെ കടമറ്റത്ത് കത്തനാരും ഉണ്ടാകും. നൂറിലധികം അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമാണ് നാടകത്തിന് പിന്നില്‍ അണി നിരക്കുന്നത്. പത്തനംതിട്ട ജിയോ ഗ്രൗണ്ടില്‍ 26 ന് വൈകിട്ട് ആറിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ഹുസൈന്‍ മുഖ്യാതിഥി ആയിരിക്കും. 25 ദിവസത്തെ ക്യാമ്പാണ് പത്തനംതിട്ടയില്‍. ദിവസേന വൈകിട്ട് ആറിനും രാത്രി ഒമ്പതിനുമായി രണ്ടു പ്രദര്‍ശനങ്ങള്‍ കാണും. രണ്ടേമുക്കാല്‍ മണിക്കൂറാണ് നാടകത്തിന്റെ ദൈര്‍ഘ്യം. സ്‌കൂള്‍ കുട്ടികള്‍ക്കായി രാവിലെ പ്രത്യേക പ്രദര്‍ശനം ഉണ്ടാകുമെന്നും അനന്തപത്മനാഭന്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

ലഹരിവസ്തുക്കള്‍ക്കെതിരായ റെയ്ഡ് പോലീസ് തുടരുന്നു: അടൂരിലും തിരുവല്ലയിലും കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: ജില്ലയില്‍ ലഹരിവസ്തുക്കള്‍ക്കെതിരായ പ്രത്യേകപരിശോധന പോലീസ് തുടരുന്നു. അടൂരില്…