
തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി ഐടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ 100 കിലോമീറ്റര്‍ സൈക്ലോത്തോണ്‍ നടത്തി. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 11 ജില്ലകളില്‍ നിന്നായി 125 ഓളം റൈഡര്‍മാര്‍ പങ്കെടുത്ത ബി ഫിറ്റ് സൈക്ലോത്തോണ്‍ മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ സൈക്ലിംഗ് ഇവന്റ് ആയിരുന്നു.
പുലര്‍ച്ചെ് അഞ്ചിന് മെഡിക്കല്‍ കോളജ് ആശുപത്രി അങ്കണത്തില്‍ നിന്നും കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ ഫാ. സിജോ പന്തപ്പള്ളില്‍ സൈക്ലോത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌ക്രീന്‍ ടൈം കുറച്ച് ജീവിതചര്യയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം വച്ചാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
11 മുതല്‍ 64 വയസ് വരെയുള്ള സ്ത്രീകള്‍ അടക്കമുള്ള ആളുകളാണ് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്. പതിനൊന്നോളം സൈക്കിള്‍ ക്ലബ്ബുകളില്‍ നിന്നുള്ള റൈഡര്‍മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ പങ്കു ചേര്‍ന്നു. പായിപ്പാട്, തോട്ടഭാഗം, ചെങ്ങന്നൂര്‍, പന്തളം, കരിങ്ങാലി പുഞ്ച വഴി ചാരുംമൂട്, കായംകുളം, മാവേലിക്കര, മാന്നാര്‍ കടന്ന് ഉച്ചയോടെ ആശുപത്രിയില്‍ സൈക്ലിങ് സംഘം തിരിച്ചെത്തി. വിവിധ ഇടങ്ങളില്‍ സൈക്കിള്‍ റാലിക്ക് സ്വീകരണം ലഭിച്ചു.
സമയാസമയങ്ങളില്‍ ഭക്ഷണപാനീയങ്ങളും വിതരണം ചെയ്തു. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് നടന്ന സൈക്കിള്‍ റാലിയെ
അനുഗമിച്ച് അടിയന്തര സാഹചര്യം നേരിടുവാന്‍ എമര്‍ജന്‍സി സേവനങ്ങള്‍ സജ്ജീകരിക്കപ്പെട്ട ബിലീവേഴ്‌സ് ആശുപത്രിയുടെ ആംബുലന്‍സും അനുഗമിച്ചു. റാലിയില്‍ പങ്കെടുത്ത സൈക്ലിസ്റ്റുകള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമാപന ചടങ്ങില്‍ വിതരണം ചെയ്തു.
ബിലീവേഴ്‌സ് ആശുപത്രി ലൈഫ് സ്‌റ്റൈല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധനകള്‍ക്കുള്ള സൗകര്യവും ഫിനിഷിങ് പോയിന്റില്‍ ഒരുക്കിയിരുന്നു.