റിപ്പര്‍ ചന്ദ്രന്‍, റിപ്പര്‍ ജയാനന്ദന്‍ സീരിയല്‍ കില്ലര്‍മാര്‍ ഒരു പാട് പേരുണ്ട് നമുക്ക് മുന്നില്‍. ചുടുചോര കണ്ടാല്‍ ഹരം പിടിക്കുന്ന, തലയോട്ടി പൊട്ടുന്ന ശബ്ദം മരണതാളമാക്കി ചുവടു വയ്ക്കുന്ന സീരിയല്‍ കില്ലര്‍മാര്‍ എപ്പോഴും പുരുഷന്മാരായിരുന്നു. ആ ഗണത്തിലെ ആദ്യ വനിതയാണ് സയനൈഡ് മല്ലിക. യഥാര്‍ഥ പേര് കെമ്പമ്മ.
ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ കഗ്ഗാലിപ്പുരയാണ് കെമ്പമ്മയുടെ സ്വദേശം. ഒരു തയ്യല്‍ക്കാരനെ വിവാഹം ചെയ്ത് ജീവിച്ച കെമ്പമ്മ നാടു നടുക്കിയ സീരിയല്‍ കില്ലറായി മാറിയത് ജീവിത സാഹചര്യം കൊണ്ടായിരുന്നു.
അവര്‍ക്ക് സ്വന്തമായി ചെറിയ ഒരു ചിട്ടി ഫണ്ടുണ്ടായിരുന്നു. ബിസിനസ് പൊട്ടിയത് കെമ്പമ്മയുടെ ജീവിതം മാറ്റി മറിച്ചു. ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചു. കുടുംബ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടു.
പിന്നീട് ചില വീടുകളില്‍ ജോലി ചെയ്ത് ജീവിതം മൂന്നോട്ടു നീങ്ങി. ചെറിയ രീതിയില്‍ മോഷണവും തുടങ്ങി വച്ചു. മോഷ്ടാവില്‍ നിന്ന് ലോകം ഞെട്ടിക്കുന്ന കൊലപാതകങ്ങളിലേക്ക് കെമ്പമ്മ തിരിഞ്ഞത് പെട്ടെന്നായിരുന്നു. ഭക്തിമാര്‍ഗം തലയ്ക്ക് പിടിച്ച് സ്ത്രീകളായിരുന്നു കെമ്പമ്മയുടെ ഇര.
ഭക്തി മൂത്തു നില്‍ക്കുന്നവരുമായി കെമ്പമ്മ സൗഹ്യദം സ്ഥാപിക്കും. ഇവരുടെ പ്രശ്‌നങ്ങളും വിഷമങ്ങളും തീര്‍ക്കാന്‍ ചില പൂജകളും കര്‍മ്മങ്ങളും മറ്റും ചെയ്യണമെന്ന് നിര്‍ദേശിക്കും. ഇത് വിശ്വസിച്ച് സ്ത്രീകള്‍ പൂജ നടത്താമെന്ന് സമ്മതിക്കും. തുടര്‍ന്ന് പൂജയ്ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് വെള്ളത്തിനൊപ്പം സനയനൈഡ് നല്‍കിയാണ് ഇവര്‍ കൊല നടത്തിയിരുന്നത്. ശേഷം സ്ത്രീകളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കി കടന്നുകളയുന്നതായിരുന്നു ഇവരുടെ രീതി.
ഇത്തരത്തില്‍ കെമ്പമ്മയുടെ ആദ്യ കൊലപാതകം 1999 ലായിരുന്നു. മമത രാജന്‍(30) ആയിരുന്നു ഇര. 2000ല്‍ കെമ്പമ്മ മറ്റൊരു കേസില്‍ പൊലീസ് പിടിയിലായി. ഒരു വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഈ കുറ്റത്തിന് വെറും ആറ് മാസമാണ് ഇവര്‍ ജയിലില്‍ കിടന്നത്. പുറത്തിറങ്ങിയ ഇവര്‍ വീണ്ടും കൊലപാതകങ്ങള്‍ നടത്തി. 2007 ല്‍ മാത്രം അഞ്ച് സ്ത്രീകളെയാണ് കൊന്നത്.
കൊലപാതക കേസില്‍ ഇവരെ 2008ലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയെ കൊന്നശേഷം അവരുടെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കവെയാണ് ഇവരെ പൊലീസ് പിടികൂടിയത്. തുടര്‍ന്നാണ് ഇവര്‍ മുമ്പ്
നടത്തിയ കൊലപാതക പരമ്പര പുറത്തായത്. കെമ്പമ്മയുടെ സഹായിയായി ഒരു സ്ത്രീ കൂടിയുണ്ടായിരുന്നു. ജയമ്മ എന്നായിരുന്നു ഇവരുടെ പേര്. ജയമ്മയെ 2008 ഡിസംബറിലാണ് പൊലീസ് പിടികൂടിയത്.
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മോഷണമായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് കെമ്പമ്മ പിന്നീട് പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് സ്ത്രീകളെ കൊന്ന കേസില്‍ കെമ്പമ്മയ്ക്ക് കോടതി ഇരട്ട വധശിക്ഷ വിധച്ചു. ഒരു സ്ത്രീയെ കൊന്ന കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമേ കെമ്പമ്മയ്‌ക്കെതിരെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ആ കേസില്‍ അവരുടെ വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കോടതി വിധി പുറപ്പെടുവിച്ചിരുന്നു.