
തിരുവല്ല: ലോക കാന്‍സര്‍ ദിനത്തില്‍ ബിലീവേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാന്‍സര്‍ കെയറിന്റെ നേതൃത്വത്തില്‍ കാന്‍സറിനെ അതിജീവിച്ചവരുടെ സംഗമം സംഘടിപ്പിച്ചു. ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജരുമായ ഫാ. സിജോ പന്തപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരങ്ങളായ സുധീര്‍ സുകുമാരനും സ്മിനു സിജുവും മുഖ്യാതിഥികളായി പങ്കെടുത്തു. കാന്‍സര്‍ രോഗികളുടെയും രോഗത്തെ അതിജീവിച്ചവരുടെയും മാനസികസാമൂഹിക പിന്തുണയ്ക്കായി രൂപീകരിച്ച പുതിയ സന്നദ്ധ സംഘടന ഹോപ് സര്‍ക്കിള്‍ ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രഫ.ഡോ.ജോര്‍ജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ ജോംസി ജോര്‍ജ് സംഘടനയെ കുറിച്ച് വിശദീകരിച്ചു.
കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍ക്കരണത്തിനുമായി കേരള ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടത്തുന്ന’കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്‍’ പദ്ധതിയിലും ബിലീവേഴ്‌സ് ഹോസ്പിറ്റല്‍ സജീവമായി പങ്കാളിയാകും എന്ന് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു.
കാന്‍സര്‍ എന്ന വെല്ലുവിളി അതിജീവിക്കുന്നവര്‍ക്ക് കരുത്തും പ്രചോദനവും പകരുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് ബൈ യുണിക് എന്ന ഈ വര്‍ഷത്തെ ലോക കാന്‍സര്‍ ദിന സന്ദേശം ആവര്‍ത്തിച്ച്, ബിലീവേഴ്‌സ് ഹോസ്പിറ്റല്‍ രോഗബാധിതര്‍ക്കായി ഒരുമിച്ച് നില്‍ക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്തു.