
അടൂര്‍: കാറില്‍ കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാക്കള്‍ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിയിലായി. ഏഴംകുളം പൂഴിക്കോട് പടി നവീന്‍, ഏറത്തു പരുത്തിപ്പാറ വടക്കടത്തുകാവ് നിരന്നകാലായില്‍ മീഖ രാജന്‍, ഏറത്തു പരുത്തിപ്പാറ വടക്കടത്തുകാവ് മുളമൂട്ടില്‍ വീട്ടില്‍ അമീര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോര്‍ഡിനുള്ളില്‍ രണ്ടു ഗ്രാം ഗഞ്ചാവ് , 91 ഗ്രാം തൂക്കം വരുന്ന ബീഡി പോലെയുള്ള ചുരുട്ട്, 0.17 ഗ്രാം തൂക്കം ഉള്ള എം ഡിഎംഎ എന്നിവ പരിശോധനയ്ക്കിടെ കണ്ടെടുക്കുകയായിരുന്നു. പാര്‍ത്ഥസാരഥി അമ്പലത്തിനു സമീപം വച്ചാണ് യുവാക്കളെ ലഹരിവസ്തുക്കളുമായി പോലീസ് കസ്റ്റഡിയിലെടുത്തത്.
എസ്.ഐ സുനില്‍കുമാര്‍, സിപിഓമാരായ അഭിജിത്, സിബിന്‍ ലൂക്കോസ്, സനില്‍കുമാര്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസിനെ കണ്ടപ്പോള്‍ നിര്‍ത്തിയ ശേഷം കാര്‍ പെട്ടെന്ന് പുറകിലേക്ക് എടുത്ത് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനിടെ, പിന്നിലുണ്ടായിരുന്ന വാഹനത്തില്‍ തട്ടി. കാറിന്റെ അടുത്തെത്തിയ അഭിജിത്തിനെ പുറത്തിറങ്ങിയ യുവാക്കള്‍ തള്ളി താഴെ ഇട്ടു. അഭിജിത്തിന്റെ വലതു കൈ മുട്ടിനു താഴെയും ഇടതു കാല്‍ മുട്ടിലും മുറിവുണ്ടായി. യൂണിഫോമിന്റെ മുട്ടിന്റെ ഭാഗം കീറുകയും ചെയ്തു.
ഇതിന് പോലീസ് ഉദ്യോഗസ്ഥന്റെ മൊഴിപ്രകാരം കേസെടുത്തു. ലഹരി വസ്തുക്കള്‍ വില്പനക്ക് സൂക്ഷിച്ച് കാറില്‍ കടത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.