കുറ്റവാളികളെ സൃഷ്ടിക്കുന്ന സാമൂഹിക അന്തരീക്ഷം വളരുന്നു:  ലഹരിക്കെതിരെ ഇതര സമുദായങ്ങളുമായി യോജിച്ച പ്രക്ഷോഭത്തിന് സഭ തയ്യാർ:  മാർത്തോമ്മാ മെത്രാപ്പൊലിത്ത

0 second read
0
0

മാരാമൺ: കുറ്റവാളികളെ സൃഷ്ടിക്കുന്ന സാമൂഹിക അന്തരീക്ഷം കേരളത്തിൽ വളരുന്നതായും ലഹരി വ്യാപനത്തിനെതീരെ ഇതര സമുദായങ്ങളുമായി ചേർന്ന് യോജിച്ച പോരാട്ടത്തിന് സഭ തയ്യാറാണെന്നും മാർത്തോമ്മാ സഭയുടെ പരമാദ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. 130 ആമത് മാരാമൺ കൺവൻഷൻ മഹാ യോഗം മാരാമൺ പമ്പാ മണൽപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലിത്ത. കേരളം വിവാദങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആവുകയാണെന്നും മെത്രാപ്പൊലിത്ത കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും ക്രിമിനൽ കേസുകളിലും പോക്സോ കേസുകളിലും പ്രതികളാ കുന്നു.

ക്രൂരമായ കൊലപാതകങ്ങളുടെ വാർത്തകളാണ് ദിവസവും കേൾക്കേണ്ടി വരുന്നത്. മലയാളികളുടെ മാനസിക ആരോഗ്യം തകർക്കുന്നതിൽ മദ്യ- മയക്കു മരുന്ന് ഉപയോഗങ്ങളുടെ വർദ്ധനവ് വലിയ പങ്കു വഹിക്കുന്നു. സ്കൂൾ, കോളേജ് ക്യാമ്പസുകളിൽ ലഹരി ഉപഭോഗം വർധിച്ചിട്ടും നടപടി എടുക്കേണ്ടവർ നിസംഗത കാട്ടുന്നു.പാലക്കാട്ട് ബ്രൂവറി തുടങ്ങാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾ, ഇപ്പോൾ തന്നെ മദ്യത്തിൽ മുങ്ങിയ ഈ നാടിനെ സർവ്വനാശത്തിലേക്ക് നയിക്കുമെന്ന് ആശങ്കപ്പെ ടുന്നു.

ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷന് എത്തിയ ആർ. എസ്. എസ് മേധാവി ഡോ. മോഹൻ ഭാഗവത് കുട്ടികളെയും യുവജനങ്ങളെയും ധാർമ്മികതയിൽ വളർത്തേണ്ടതിന്റെ ആവശ്യകത ഊന്നി പറയുകയുണ്ടായി. ലഹരിക്കെതിരായ പോരാട്ടം ആരംഭിക്കേണ്ടത് കുടുംബങ്ങളിലെ സ്നേഹാന്തരീക്ഷത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.ഇത് ശ്ലാഹനീയമാണ്. ലഹരിക്കെതിരായ പോരാട്ടത്തിൽ വിവിധ സമുദായ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാൻ മാർത്തോമ്മാ സഭ സന്നദ്ധമാണെന്നും മെത്രാപ്പൊലിത്ത പറഞ്ഞു. കേവലം പ്രദർശന വസ്തുവായി ഭരണഘടനയെ പലരും ഉയർത്തിക്കാട്ടുന്നു. ഭരണഘടനയെ കാപട്യത്തിനുള്ള നാട്യ വസ്തുവായി മാറ്റരുത്. കേരളം ഉത്പാദിപ്പിക്കുന്ന അനാവശ്യ വിവാദങ്ങൾക്ക് അര ദിവസത്തെ ആയുസ് പോലുമില്ല. അടുത്ത ദിവസം പുതിയ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇല്ലാക്കഥകൾ തോന്നും പടി പ്രചരിപ്പിക്കാൻ നെഞ്ചു വിരിച്ചു നിൽക്കുന്ന സാമൂഹ്യ മാധ്യമ ഇടങ്ങൾ സത്യത്തിന്റെ കുരുതിക്കളമായി മാറുന്നു. സാമൂഹിക മാധ്യമ ഉപയോഗത്തിൽ വിശ്വാസ സമൂഹം കുറച്ചു കൂടി മാന്യതയും മാതൃകയുമായി വർത്തിക്കണം. സൈബർ ധാർമ്മികത നിലനിർത്തണം. സോഷ്യൽ മീഡിയയിലെ ഗോസിപ്പുകൾ, സൈബർ ലോകത്തിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ എന്നിവ സ്വൈര്യജീവിതം തകർക്കുന്നു.

അന്ധ വിശ്വാസങ്ങളുടെ പേരിൽ കൊലപാതകങ്ങൾ പോലും നടക്കുന്ന നാടായി കേരളം മാറുന്നു. 2019 ൽ പാസാക്കിയ അന്ധ വിശ്വാസ നിരോധന നിയമം നടപ്പാക്കാനും ബോധവത്കരണം ശക്ത മാക്കാനും സർക്കാർ നടപടി സ്വീകരിക്കണം. അമേരിക്കൻ പ്രസിഡന്റ്‌ റൊണാൾഡ് ട്രമ്പ് അധികാരമേറ്റവേളയിൽ വാഷിങ് ടൺ ഡയോസിസിലെ ബിഷപ്പ് മരിയൻ എഡ്ഗർ നടത്തിയ പ്രസംഗം ട്രംപ് തള്ളിക്കളഞ്ഞെങ്കിലും അവർ കാട്ടിയ ധീരത അഭിനന്ദനാർഹമാണ്. ഭരണാധികാരികൾക്ക് എവിടെയും ജ്ഞാനവും വിവേകവും നൽകാനായി പ്രാർത്ഥിക്കാം. കാലിലും കൈയിലും ചങ്ങലയിട്ട് സൈനിക വിമാനത്തിൽ ഇന്ത്യക്കാരായ കുടിയേറ്റക്കാരെ ടെക്സാസിൽ നിന്ന് കയറ്റി അയച്ചത് ദയനീയ കാഴ്ചയായി. സമൃദ്ധിയായ ജീവന്റെ അനുഭവങ്ങൾ കെടുത്തി കളയുന്ന സമകാലിക സാമൂഹിക, രാഷ്ട്രീയ, മത പരിസരങ്ങളിൽ ജീവദായക ബദൽ സാമൂഹമാകാൻ സഭക്ക് കഴിയണം.ഈ പ്രപഞ്ചത്തിലെ ഓരോ ജീവനും വിലപ്പെട്ടതാണ്. ഒരോ ജീവനും അന്തസും പവിത്രതയും ഉണ്ട്. മനുഷ്യനെ മാത്രമല്ല, എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കണം. നീതിയുടെ സംരക്ഷകരായി മാറണം.

കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് വിശ്വാസജീവിതത്തിലൂടെ നേടണം. പുതു തലമുറയെ ഈ ദൈവവിശ്വാസത്തിൽ വളർത്തണം.ഇല്ലെങ്കിൽ ചെന്ന് പതിക്കുക വലിയ ദുരന്തങ്ങളിലായിരിക്കും. പമ്പാനദിയുടെ നീലനില്പിനായി ഗംഗാ നദിയുടെ മാതൃകയിൽ വരാനിരിക്കുന്ന കേന്ദ്രപദ്ധതിയിൽ മാരാ മണ്ണിനു സുപ്രധാ സ്ഥാനം നൽകണമെന്നും നദീ തീരത്തുള്ള സമാന സംഗമങ്ങൾക്കും ഇതേ പരിഗണന നൽകണമെന്നും മെത്രാപ്പൊലിത്ത ആവശ്യപ്പെട്ടു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ. ഐസക് മാർ ഫില ക്സിനോസ് എപ്പിസ്കോപ്പാ അദ്യക്ഷനായിരുന്നു. ലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. ജെറി പിള്ളൈ മുഖ്യ സന്ദേശം നൽകി. കേരള കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് പ്രസിഡന്റ്‌ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ്‌ ക്ലിമിസ് കത്തോലിക്കാ ബാവ, ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലിത്ത, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലിത്ത, തോമസ് മാർ തീമോഥെയോസ് എപ്പിസ്കോപ്പാ, ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ, ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ,ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ, ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ, സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ, മാത്യൂസ് മാർ സെറാഫി എപ്പിസ്കോപ്പാ, ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ, മലങ്കര കത്തോലിക്കാ സഭ തിരുവല്ല രൂപതാ അദ്യക്ഷൻ തോമസ് മാർ കൂറിലോസ് മെത്രാപ്പൊലിത്ത,പാറശാലാ ബിഷപ്പ് തോമസ് മാർ യൗസേബിയോസ് മെത്രാപ്പൊലിത്ത , ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്യക്ഷൻ സാമൂവൽ മാർ തിയോഫിലോസ്, മെത്രാപ്പൊലിത്ത തുടങ്ങിയവർ പങ്കെടുത്തു സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. എബി. കെ. ജോഷ്വാ സ്വാഗതം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

മഹാകുംഭമേളയ്ക്ക് പോയ ചെങ്ങന്നൂര്‍ സ്വദേശിയെ കാണാനില്ല: ഇറ്റാര്‍സിയിലെ താമസ സ്ഥലത്ത് നിന്നുമാണ് പോയതെന്നും എവിടെ എന്ന് അറിയില്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത്

ചെങ്ങന്നൂര്‍: മഹാകുംഭമേളയില്‍ പങ്കെടുത്തു മടങ്ങിയ ചെങ്ങന്നൂര്‍ സ്വദേശി ദിവസങ്ങള്‍ കഴിഞ്ഞിട…