
പത്തനംതിട്ട: 39-ാമത് മൂലൂര്‍ അവാര്‍ഡ് ഷാജി നായരമ്പലത്തിന്റെ ഗുരുദേവ ഗീത എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു. 25001 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന അവാര്‍ഡ് 26 ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് സമ്മാനിക്കുമെന്ന് മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് കെ.സി.രാജഗോപാല്‍, ജനറല്‍ സെക്രട്ടറി പ്രഫ. ഡി. പ്രസാദ്, സെക്രട്ടറി ബി. വിനോദ്, ട്രഷറര്‍ കെ. എന്‍. ശിവരാജന്‍ എന്നിവര്‍ അറിയിച്ചു.
കെ.വി. സുധാകരന്‍ കണ്‍വീനറും പ്രഫ. കെ. രാജേഷ്‌കുമാര്‍, ഡോ. പി.ടി. അനു അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. ശ്രീനാരായണ ഗുരുവിനെ കുറിച്ച് എഴുതിയിട്ടുളള സാഹിത്യകൃതികളില്‍ ഏറെ ശ്രദ്ധേയമായ ഗുരുദേവഗീതയില്‍ 33 കവിതകളും ആറ് അനുബന്ധ കവിതകളും ഉള്‍ക്കൊള്ളുന്നു. റവന്യൂ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി തഹസില്‍ദാരായി വിരമിച്ചിട്ടുള്ള ഷാജി നായരമ്പലം ആറു കാവ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20 പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടി.