
കോഴഞ്ചേരി: തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ പൊയ്യാനില്‍ ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ ഉള്‍പ്പടെയുള്ള സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ആരംഭിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പൊയ്യാനില്‍ ആശുപത്രിയില്‍ സേവനമാരംഭിച്ച വിഭാഗങ്ങളുടെ ഉദ്ഘാടനം ബിലീവേഴ്‌സ് ഈസേ്റ്റണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. കോഴഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് മെച്ചപ്പെട്ടതും അത്യാധുനികവുമായ വിദഗ്ദ്ധ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പൊയ്യാനില്‍ ആശുപത്രിയുമായി ചേര്‍ന്ന് സഹകരിക്കുവാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജറുമായ ഫാ. സിജോ പന്തപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.
പൊയ്യാനില്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസഫ് ജോര്‍ജ്, ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് വിദ്യാഭ്യാസ ബോര്‍ഡ് അംഗവും സെന്റ് ജോസഫ് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് വികാരിയുമായ ഫാ. സജു തോമസ്, ബിലീവേഴ്‌സ് ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റോസി മാര്‍സല്‍, പൊയ്യാനില്‍ ആശുപത്രി ചീഫ് നഴ്‌സിംഗ് ഓഫീസര്‍ വിമല കുരുവിള, സാറ ബിന്ദു ജോര്‍ജ്, ജോ തോമസ് എന്നിവര്‍ സംബന്ധിച്ചു. സംരംഭം കൂടുതല്‍ വിപുലമാക്കുവാനും വിവിധ ആരോഗ്യ സേവനങ്ങളില്‍ കൈകോര്‍ക്കുവാനും ബിലീവേഴ്‌സ് ആശുപത്രിയും പൊയ്യാനില്‍ ആശുപത്രിയും പദ്ധതിയിട്ടിട്ടുണ്ടെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കകം ഇതര മെഡിക്കല്‍ വിഭാഗങ്ങളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും കൂടി ആരംഭിക്കുമെന്നും ബിലീവേഴ്‌സ് ആശുപത്രി മാനേജര്‍ ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു.