പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടും രക്ഷയില്ല: ഇഡലിക്കെതിരേ ശരിക്കും കാപ്പ ചുമത്തി! ഇക്കുറി നാടു കടത്തി: മന്ത്രി മാലയിട്ട് സ്വീകരിച്ച ശരണ്‍ ചന്ദ്രനെ കൈവിട്ട് സിപിഎമ്മും

0 second read
Comments Off on പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടും രക്ഷയില്ല: ഇഡലിക്കെതിരേ ശരിക്കും കാപ്പ ചുമത്തി! ഇക്കുറി നാടു കടത്തി: മന്ത്രി മാലയിട്ട് സ്വീകരിച്ച ശരണ്‍ ചന്ദ്രനെ കൈവിട്ട് സിപിഎമ്മും
0

പത്തനംതിട്ട: ആരോഗ്യമന്ത്രി മാലയിട്ട് സ്വീകരിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ കാപ്പ കേസ് പ്രതിയെ പോലീസ് നാടുകത്തി. മലയാലപ്പുഴ നല്ലൂര്‍ വാഴവിളയില്‍ വീട്ടില്‍ ഇഡ്ഡലി എന്ന് വിളിക്കുന്ന ശരണ്‍ ചന്ദ്രനെ (25)ആണ് കാപ്പ നിയമപ്രകാരം ഒരുവര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും പുറത്താക്കിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ‘ അറിയപ്പെടുന്ന റൗഡി’ യുമാണ് ശരണ്‍ ചന്ദ്രന്‍. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ ഡിസംബര്‍ 17 ലെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്. അജിതാ ബേഗത്തിന്റെതാണ് ഉത്തരവ്.

പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും, കോടതിയില്‍ വിചാരണയിലിരിക്കുന്നതുമായ 5 കേസുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് നടപടി. ഉത്തരവ് ഇന്നലെ നടപ്പിലാക്കിയ മലയാലപ്പുഴ പോലീസ്, ഉത്തരവ് ലംഘിച്ച് ഇയാള്‍ ജില്ലയില്‍ പ്രവേശിച്ചാല്‍ കാപ്പ നിയമത്തിലെ വകുപ്പ് 15(4) പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് ജില്ലയിലെ എല്ലാ എസ് എച്ച് മാര്‍ക്കും വിവരം കൈമാറുകയും ചെയ്തു.

2016 മുതല്‍ പത്തനംതിട്ട, മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരന്തരം സമാധാനലംഘനവും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും സൃഷ്ടിച്ചുവരികയാണ് പ്രതി. അന്നുമുതല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടു. പൊതുജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സം നില്‍ക്കുന്ന വിധം ദേഹോപദ്രവം ഏല്‍പ്പിക്കല്‍, അടിപിടി, ഭീഷണിപെടുത്തല്‍,സ്ത്രീകളോട് മോശമായി പെരുമാറല്‍, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, വീടുകയറി ആക്രമണം, കുറ്റകരമായ നരഹത്യാശ്രമം, സര്‍ക്കാര്‍ വാഹനത്തില്‍ കല്ലെറിഞ്ഞു കേടുപാട് വരുത്തല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായി.

കാപ്പാ നിയമപ്രകാരമുള്ള നടപടിക്ക് പരിഗണിച്ച 5 കേസുകള്‍ കൂടാതെ, പത്തനംതിട്ടയിലെ മറ്റൊരു കേസ് അന്വേഷണത്തിലാണ്. 2016 മുതല്‍ പത്തനംതിട്ട, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 7 കേസുകളിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. ലഹളയുണ്ടാക്കല്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഇവ. അടിക്കടി സമാധാനലംഘനം നടത്തിവന്ന പ്രതിക്കെതിരെ നല്ലനടപ്പ് ജാമ്യം സംബന്ധിച്ച് അടൂര്‍ എസ് ഡി എം കോടതിക്ക് മലയാലപ്പുഴ പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നല്ലനടപ്പ് 2023 ആഗസ്റ്റ് 15 ന് ഉത്തരവായിരുന്നു. എന്നാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ബോണ്ട് വ്യവസ്ഥ ലംഘിച്ചു, ഇക്കാര്യത്തിന് കോടതിയില്‍ റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചിരുന്നു. 2019 മുതല്‍ ഇയാള്‍ക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. ഒടുവിലെടുത്ത കേസ് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ നാലിന് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തതാണ്.10 ന് പത്തനംതിട്ട പോലീസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കുകയും, തുടര്‍ന്ന് ഡിസംബര്‍ 17 ന് ജില്ലാ പോലീസ് മേധാവി കാപ്പ നടപടിക്ക് റിപ്പോര്‍ട്ട് ഡി ഐ ജിക്ക് സമര്‍പ്പിക്കുകയുമായിരുന്നു.

2023 മേയ് 20 ന് അന്നത്തെ ജില്ലാ പോലീസ് മേധാവി, ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, ഇയാളുടെ സഞ്ചലന വിവരം ആറുമാസത്തേക്ക് മലയാലപ്പുഴ എസ് എച്ച് ഓയെ അറിയിക്കാന്‍ ഉത്തരവായിരുന്നു. ഇത് ഇയാള്‍ കൈപ്പറ്റിയെങ്കിലും, ഉത്തരവിലെ വ്യവസ്ഥകള്‍ ലംഘിച്ച് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി. വ്യവസ്ഥ ലഭിച്ചതിന് മലയാലപ്പുഴ പോലീസ് കേസ് എടുത്തിരുന്നതുമാണ്. ഇപ്പോള്‍ ഒരുവര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തപ്പെട്ട പ്രതിക്ക്, ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ കോടതിയില്‍ ഹാജരാകുന്നതിനും, മരണം, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ സംബന്ധിക്കാവുന്നതാണ്. പുറത്താക്കപ്പെട്ട കാലയളവില്‍ താമസിക്കുന്ന സ്ഥലത്തെ വിലാസം ജില്ലാ പോലീസ് മേധാവിയെയും മലയാലപ്പുഴ എസ് എച്ച് ഓയെയും അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പാണ് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ വച്ച് കാപ്പ കേസ് പ്രതിയായ ശരണ്‍ ചന്ദ്രന്‍ അടക്കം നിരവധി ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് ആരോഗ്യമന്ത്രി വീണാ ജോര്‍ജും അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ഏരിയ സെക്രട്ടറി എം.വി. സഞ്ചുവുമൊക്കെ ചേര്‍ന്നായിരുന്നു. ഇയാള്‍ കാപ്പ കേസ് പ്രതിയാണെന്ന വിവരം പുറത്തു വന്നതോടെ ന്യായീകരണവുമായി നേതാക്കള്‍ രംഗത്തു വന്നിരുന്നു. അയാള്‍ക്കെതിരേ കാപ്പ നടപടികള്‍ ഇല്ലെന്നാണ് ഉദയഭാനു പറഞ്ഞത്. നേരിന്റെ പാതയിലേക്കാണ് ശരണും കൂട്ടരും വന്നത് എന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെ വീണ്ടും ഇയാളും ഒപ്പം വന്നവരും പല കേസുകളിലും ഉള്‍പ്പെട്ടു. ഒരാളെ കഞ്ചാവുമായി പിടികൂടി. ഇതോടെ എക്‌സൈസ് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് വരെ നടത്തി.

പാര്‍ട്ടിയില്‍ വന്നുവെന്ന് കരുതി കുറ്റക്കാരായ ഒരാളെയും സംരക്ഷിക്കില്ല എന്നുള്ളതിന്റെ ഉദാഹരണമാണ് ശരണിനെ നാടുകടത്തിയ സംഭവം എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ പ്രതികരണം.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ആക്രമിക്കാനെത്തിയ ആള്‍ക്കെതിരേ കേസ് എടുത്ത് ഏനാത്ത് പോലീസ്

അടൂര്‍: എസ്എന്‍ഡിപി ശാഖ വക ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് സ്വാദ് പോരെന്ന് പറഞ്ഞ് സെക്രട്ടറി…