റീനയ്ക്ക് വന്ന ഫോണ്‍കാള്‍ സംശയകാരണമായി: വാര്‍ഡ് അംഗം വഴക്ക് പറഞ്ഞ് തീര്‍ത്തിട്ടും പക തീര്‍ന്നില്ല: അര്‍ധരാത്രിയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് കൊടിയ മര്‍ദനം: റാന്നിയില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

0 second read
0
0

പത്തനംതിട്ട: ഭാര്യയെ മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച് കോടതി. റാന്നി പഴവങ്ങാടി തേറിട്ടമട മണ്ണൂരെത്തു വീട്ടില്‍ റീന (35) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് മനോജ് എബ്രഹാമി(48)നെയാണ് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വണ്‍ ജഡ്ജി ജി.പി. ജയകൃഷ്ണന്‍ ശിക്ഷിച്ചു കൊണ്ട് വിധി പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക കുട്ടികള്‍ക്ക് നല്‍കണം. പിഴ അടയ്ക്കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം.

അന്യായ തടസം ചെയ്തതിന് ഒരു മാസത്തെ തടവും 500 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ വസ്തുവില്‍ നിന്നും ഈടാക്കാന്‍ വാറന്റ് ഉത്തരവാകുന്നതിനും വിധിന്യായത്തില്‍ സൂചിപ്പിക്കുന്നു.
2014 ഡിസംബര്‍ 28 നാണ് സംഭവം. റീനയ്ക്ക് വന്ന ഫോണ്‍ കോളിനെ ചൊല്ലി ഇരുവരും വഴക്കുണ്ടായി. വാര്‍ഡ് അംഗം ഇടപെട്ട് പരിഹരിച്ചുവെങ്കിലും അര്‍ദ്ധരാത്രി വീണ്ടും തര്‍ക്കമുണ്ടായി. ഇതിന്റെ പേരില്‍ ഇയാള്‍ റീനയെ മര്‍ദ്ദിച്ചു. ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാര്‍ പോര്‍ച്ചില്‍ വച്ച് ഇഷ്ടിക കൊണ്ടെറിഞ്ഞു. തുടര്‍ന്ന് ബലമായി പിടിച്ചുനിര്‍ത്തി വീല്‍ സ്പാനര്‍ കൊണ്ട് അടിച്ചു. മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. ശേഷം പോര്‍ച്ചില്‍ കിടന്ന ഓട്ടോറിക്ഷയുടെ മിററിനു താഴെ ബോഡിയില്‍ തലകുത്തിപ്പിടിച്ച് ശക്തിയായി ഇടിപ്പിച്ചു, രക്തത്തില്‍ കുളിച്ചുവീണ റീനയുടെ മുഖം സിമെന്റ് തറയില്‍ ഇട്ടുരച്ചു. ഈ സമയമത്രയും കുട്ടികള്‍ അലമുറയിട്ട് കരഞ്ഞുകൊണ്ട് മനോജിനെ പിടിക്കുന്നുണ്ടായിരുന്നു. അവര്‍ തടയാന്‍ ശ്രമിച്ചപ്പോഴൊക്കെ ഇയാള്‍ ഉപദ്രവിച്ചു. യുവതിയുടെ തലയ്ക്കും മുഖത്തും ഗുരുതരമായി മുറിവ് പറ്റി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, റീന പുലര്‍ച്ചെ മരണപ്പെട്ടു.

കേസ് രജിസ്റ്റര്‍ ചെയ്ത അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി രാജപ്പന്റെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2015 മാര്‍ച്ച് 17 ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണയ്‌ക്കൊടുവില്‍ കൊലപാതകം, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. റീനയുടെ അമ്മയും രണ്ട് മക്കളും സാക്ഷികളായിരുന്നു. അമ്മ പിന്നീട് മരണപ്പെട്ടു. മക്കളുടെ മൊഴികളും സാഹചര്യത്തെളിവുകളും കോടതി മുഖവിലയ്‌ക്കെടുത്തു. 25 സാക്ഷികളെ വിസ്തരിക്കുകയും, 13 തൊണ്ടിമുതലുകള്‍ പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് ഹാജരായി.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി കണ്ട് ചാടിയിറങ്ങി ആരോഗ്യമന്ത്രിയുടെ തര്‍ക്കം: രക്ഷാപ്രവര്‍ത്തനം ലക്ഷ്യമിട്ട് സിപിഎമ്മും ഇറങ്ങി: വാക്കേറ്റത്തിനൊടുവില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

റാന്നി: ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാണിച…