കോന്നി വിവാദം: എന്‍ജിഓ യൂണിയന്‍ എംഎല്‍എയ്‌ക്കൊപ്പം: വീഡിയോ സപ്പോര്‍ട്ടുമായി സിപിഎം ജില്ലാ സെക്രട്ടറിയും: പിന്തുണാ പ്രവാഹം വന്നത് കളം മാറിയതോടെ

0 second read
Comments Off on കോന്നി വിവാദം: എന്‍ജിഓ യൂണിയന്‍ എംഎല്‍എയ്‌ക്കൊപ്പം: വീഡിയോ സപ്പോര്‍ട്ടുമായി സിപിഎം ജില്ലാ സെക്രട്ടറിയും: പിന്തുണാ പ്രവാഹം വന്നത് കളം മാറിയതോടെ
0

തിരുവനന്തപുരം: ജനപ്രതിനിധിയോ ഉദ്യോഗസ്ഥനോ വലുത്? കോന്നി താലൂക്ക് ഓഫീസ് വിഷയത്തിന്റെ പശ്ചാത്തലത്തില്‍ നാടു മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇത്. താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ വിനോദസഞ്ചാരത്തിന് പോയതുമായി ബന്ധപ്പെട്ട് ജനീഷ്‌കുമാര്‍ എംഎല്‍എയുടെ ഇടപെടലാണ് ഇങ്ങനെ ഒരു ചോദ്യമുയര്‍ത്തിയത്. വിഷയം ചൂടു പിടിച്ചു നില്‍ക്കുമ്പോള്‍ യാതൊരു പ്രതികരണവും സിപിഎം സര്‍വീസ് സംഘടനയായ എന്‍ജിഓ യൂണിയന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ വിശദീകരണവുമായി വന്നിരിക്കുന്നു. ഉദ്യോഗസ്ഥരല്ല വലുത്, ജനപ്രതിനിധി തന്നെയാണ്. അതാണ് ജനാധിപത്യ വ്യവസ്ഥിതി.

കോന്നി വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയും സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും സര്‍ക്കാര്‍ ജീവനക്കാരും ചേര്‍ന്ന് എംഎല്‍എയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രവൃത്തി ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ ലീവെടുത്ത് ടൂര്‍ പോയത് ശരിയായില്ല എന്ന ഒറ്റ വരി പ്രസ്താവന മാത്രമാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നടത്തിയത്. ജനീഷ് ഒറ്റപ്പെടുന്നുവെന്ന് മനസിലായതോടെ വീഡിയോ സപ്പോര്‍ട്ടുമായി ഉദയഭാനു ഇന്ന് രംഗത്ത് വന്നു.

ടൂര്‍ പോയ സംഘത്തില്‍ എന്‍.ജി.ഓ സംഘിന്റേതൊഴികെ എല്ലാ സര്‍വീസ് സംഘടനകളുടെയും ജില്ലാ നേതാക്കള്‍ അടക്കം ഉണ്ടായിരുന്നു. എന്‍.ജി.ഓ അസോസിയേഷന്‍ നേതാക്കള്‍ ടൂര്‍ പോയവരെ ന്യായീകരിച്ച് എംഎല്‍എയ്‌ക്കെതിരേ രംഗത്തു വന്നു. അപ്പോഴൊക്കെ പൊതുസമൂഹം കാത്തിരുന്നത് എന്‍.ജി.ഓ യൂണിയന്‍ എന്തു പറയുന്നുവെന്നാണ്. ജീവനക്കാരെ താങ്ങിയും എം.എല്‍.എയെ കുറ്റപ്പെടുത്താതെയും വളരെ സൂക്ഷ്മതയോടെയാണ് എന്‍.ജി.ഓ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. അജിത്ത്കുമാര്‍ പ്രതികരിച്ചിരിക്കുന്നത്.

സിവില്‍ സര്‍വീസിന്റെ സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറയുന്നു. കോന്നി താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകളും തുടര്‍ ചര്‍ച്ചകളും ദൗര്‍ഭാഗ്യകരമാണ്. ജീവനക്കാര്‍ ലീവെടുക്കുന്നതും ഓഫീസിന് പുറത്തേക്ക് ജോലിക്ക് പോകുന്നതുമെല്ലാം സാധരണമാണ്. എന്നാല്‍ അവയൊന്നും ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലാകരുത്. ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുമെന്ന് ഉറപ്പു വരുത്താന്‍ ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ട്. ജനപ്രതിനിധിയെന്ന നിലയില്‍ കോന്നി എംഎല്‍എയുടെ ഇടപെടലും ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഇതുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യപ്പെട്ടു. ജനാധിപത്യവ്യവസ്ഥിതിയില്‍ ഉദ്യോഗസ്ഥ സംവിധാനത്തിന് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം.

ചില ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യമോ അറിവില്ലായ്മയോ ആണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഏതാനും ചില ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച പൊതുവല്‍ക്കരിച്ച് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ മുഴുവന്‍ വീഴ്ചയായും സിവില്‍ സര്‍വീസിനെ ഇകഴ്ത്തി കാണിക്കുന്നതും ശരിയല്ല. ഈ വിഷയത്തില്‍ ഇതിനകം തന്നെ റവന്യൂമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്. കൃത്യമായി അന്വേഷണം നടത്തി വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …