
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് 3 പ്രകാരം ഏനാത്ത് പോലീസ് കരുതല്‍ തടങ്കലിലാക്കി. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടൂര്‍ ഏനാദിമംഗലം കുന്നിട ഉഷാഭവനം ഉമേഷ് കൃഷ്ണനെ(32)യാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. തുടര്‍ച്ചയായി സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന പ്രതി ‘ അറിയപ്പെടുന്ന റൗഡി ‘ ലിസ്റ്റില്‍ ഉള്‍പ്പെടുന്നയാളാണ്. ഏനാത്ത് ആറന്മുള പന്തളം കൊട്ടാരക്കര പത്തനാപുരം അച്ചന്‍കോവില്‍ തുടങ്ങിയ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ അടിക്കടി ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയതിനു ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നില്‍വിലുണ്ട്.
അടിപിടി , ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വീടുകയറി ആക്രമണം, കുറ്റകരമായനരഹത്യ ശ്രമം, തട്ടിക്കൊണ്ടുപോയി കവര്‍ച്ച, ഭീഷണിപ്പെടുത്തി കവര്‍ച്ച, കുട്ടികള്‍ക്ക് കഞ്ചാവ് കച്ചവടം നടത്തുക, ലൈംഗിക പീഡനം, കാപ്പ നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. 2007 മുതല്‍ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാപ്പ നിയമത്തിലെ വകുപ്പ് 3 പ്രകാരമുള്ള നടപടിക്കായി ജില്ലാ പോലീസ് മേധാവി 2022 ല്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ 10 കേസുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ചിറ്റാര്‍, അടൂര്‍, പത്തനംതിട്ട, ഏനാത്ത്, ആറന്മുള എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തതും കോടതിയില്‍ വിചാരണയിലിരിക്കുന്നതുമായ കേസുകളാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രതി റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ടയാളാണ്. വിവിധ കേസുകളില്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതി, നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തുവന്നതിനെതുടര്‍ന്നാണ് കാപ്പ നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ചുള്ള നടപടിക്ക് ജില്ലാ പോലീസ് മേധാവി ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന്, ഇയാളെ ജയിലില്‍ അടയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് 2023 ല്‍ പുറപ്പെടുവിക്കുകയായിരുന്നു.ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് കോന്നിയില്‍ നിന്നും പിടികൂടിയത്. ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ എ ജെ അമൃത് സിംഗ് നായകം, കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സി പി ഓമാരായ ഷഹീര്‍ അമല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.