മൊബൈല്‍ഫോണിന് അധിക വാറണ്ടി എടുപ്പിച്ചു: ഡിസ്‌പ്ലേ തകരാറിലായപ്പോള്‍ മാറി നല്‍കാന്‍ വലിയ തുക ആവശ്യപ്പെട്ടു: വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പും സാംസങ് കമ്പനിയും ഒരു ലക്ഷം നഷ്ടപരിഹാരം നല്‍കണം

0 second read
Comments Off on മൊബൈല്‍ഫോണിന് അധിക വാറണ്ടി എടുപ്പിച്ചു: ഡിസ്‌പ്ലേ തകരാറിലായപ്പോള്‍ മാറി നല്‍കാന്‍ വലിയ തുക ആവശ്യപ്പെട്ടു: വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പും സാംസങ് കമ്പനിയും ഒരു ലക്ഷം നഷ്ടപരിഹാരം നല്‍കണം
0

പത്തനംതിട്ട: വില കൂടിയ മൊബൈല്‍ഫോണിന് അധിക വാറണ്ടി എടുപ്പിച്ചിട്ടും അപ്‌ഡേഷനില്‍ വന്ന തകരാര്‍ മാറ്റുന്നതിന് വന്‍ തുക ആവശ്യപ്പെട്ട ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പും സാംസങ് കമ്പനിയും ഒരു ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.

കടമാന്‍കുളം പാറേപ്പള്ളില്‍ വീട്ടില്‍ ജൂബി ജോണിന്റെ പരാതിയിലാണ് നടപടി. 2022 ഡിസംബറില്‍ കടവന്ത്രയിലുള്ള ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പില്‍ നിന്നും സാംസങ് മൊബൈല്‍ ഫോണ്‍ 67533 രൂപ കൊടുത്ത് വാങ്ങി. കമ്പനിയുടെ ഒരു വര്‍ഷം വാറണ്ടി കൂടാതെ ഓക്‌സിജന്‍ ഷോപ്പിന്റെ ഓ 2 വാറണ്ടിയും ജൂബി എടുത്തു. ഇതിനായി 4567 രൂപയും നല്‍കി. ഫോണിന് ഏതെങ്കിലും തരത്തില്‍ തകരാര്‍ വന്നാല്‍ പുതിയത് മാറി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അധികം പണം നല്‍കി വാറണ്ടി എടുത്തത്.

വാങ്ങി രണ്ടു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഫോണ്‍ അമിതമായി ചൂടായി. ഓക്‌സിജന്‍ കടക്കാരന്റെ നിര്‍ദേശം അനുസരിച്ച് കോട്ടയത്തുള്ള സാംസങ് കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററില്‍ കൊടുത്തു. സോഫ്ട്‌വെയര്‍ അപ്‌ഡേറ്റ് ചെയ്താല്‍ ഫോണ്‍ ചൂടാകുന്നത് മാറുമെന്ന് പറഞ്ഞു വിടുകയും ചെയ്തു. തുടര്‍ന്ന് 2023 മാര്‍ച്ച് 24 ന് ജുബി ഫോണ്‍ അപ്‌ഡേറ്റ് ചെയ്തു. അതിന് ശേഷം രണ്ടു തവണയായി അപ്‌ഡേഷന്‍ നടത്തിയതിന്റെ ഫലമായി സ്‌ക്രീനില്‍ ലംബമായി നാലു വര പ്രത്യക്ഷപ്പെട്ടു. ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയുമായി.

വിവരം സാംസങ് കമ്പനിയെയും ഓ 2 പ്രൊട്ടക്ഷന്‍ പ്ലാന്‍ എടുപ്പിച്ച ഓക്‌സിജന്‍ കടക്കാരനെയും അറിയിച്ചപ്പോള്‍ ഡിസ്‌പ്ലേ പോയതാണെന്നും മാറണമെങ്കില്‍ 14,000 രൂപ വേണമെന്നും പറഞ്ഞു. ഇതിനെതിരേയാണ് ജുബി ജോണ്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അന്യായം ഫയലില്‍ സ്വീകരിച്ച കമ്മിഷന്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഓക്‌സിജന്‍ കടക്കാരന്‍ മാത്രം കമ്മിഷനില്‍ ഹാജരായെങ്കിലും അവരുടെ ഭാഗം തെളിവുകള്‍ നല്‍കിയില്ല.

ഹര്‍ജിക്കാരിയുടെ മൊഴിയും മറ്റു രേഖകളും പരിശോധിച്ച കമ്മിഷന്‍ ഹര്‍ജി ന്യായമാണെന്ന് കണ്ടെത്തുകയും എതിര്‍ കക്ഷികളായ സാംസങ് കമ്പനിയും ഓക്‌സിജന്‍ കടക്കാരനും ചേര്‍ന്ന് 45 ദിവസ്തിനുളളില്‍ പുതിയ ഫോണ്‍ നല്‍കുകയോ ഫോണിന്റെ വിലയായ 67,533 രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും ഉള്‍പ്പെടെ 1,03,000 രൂപ ഹര്‍ജിക്കാരിക്ക് നല്‍കാന്‍ വിധിക്കുകയായിരുന്നു.

കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവരാണ് വിധി പറഞ്ഞത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

52 വര്‍ഷത്തെ ചതി, വഞ്ചനയും വിളിച്ചു പറഞ്ഞ എ. പത്മകുമാര്‍ പുറത്ത്: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു: രണ്ടു പുതുമുഖങ്ങള്‍

പത്തനംതിട്ട: ചതി, വഞ്ചന, 52 വര്‍ഷത്തെ ബാക്കിപത്രം..ലാല്‍സലാം എന്ന് സപിഎം സംസ്ഥാന സമ്മേളനത്…