
പത്തനംതിട്ട : കടയില്‍ വരുന്നവരോട് മദ്യപിക്കാന്‍ പണം ചോദിച്ചത് തടഞ്ഞതിന്, കട നടത്തുന്ന സ്ത്രീയെയും ഭര്‍ത്താവിനെയും കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത പ്രതിയെ പോലീസ് പിടികൂടി. മൈലപ്ര ചീങ്കല്‍തടം കറ്റാടി പൂവണ്ണത്തില്‍ പി.ജി.അനില്‍(51) ആണ് അറസ്റ്റിലായത്. ഇയാള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ കൂടി പ്രതിയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മൈലപ്ര സ്വദേശിനിയാണ് പരാതിക്കാരി. ഇവരും ഭര്‍ത്താവും നടത്തുന്ന ബേക്കറിയോട് ചേര്‍ന്നുള്ള പച്ചക്കറി കടയില്‍ വരുന്നവരോട് പ്രതി മദ്യപിക്കാന്‍ പണം ചോദിക്കുന്നത് തടഞ്ഞതിലുള്ള വിരോധം കാരണമാണ് അതിക്രമം കാട്ടിയത്. നാരങ്ങാവെള്ളം എടുത്തു കൊണ്ടിരുന്ന സ്ത്രീയെ അസഭ്യം വിളിച്ചുകൊണ്ട് പ്രതി ദേഹത്ത് കയറി പിടിക്കുകയായിരുന്നു. തടസം പിടിച്ച ഭര്‍ത്താവിനെ ചീത്ത വിളിക്കുകയും ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. കടയില്‍ വന്നവരുടെയും ബസ് കയറാന്‍ നിന്നവരുടെയും മുന്നിലുള്ളതായിരുന്നു അതിക്രമം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.