
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയായ തിരുവല്ല കുമ്പഴ റോഡിന്റെ കോഴഞ്ചേരി മുതല്‍ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെയുള ഭാഗം പുനരുദ്ധാരണത്തിനായി ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 12.67 കിലോമീറ്ററോളം നീളം വരുന്ന റോഡിന്റെ ഈ ഭാഗം. ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന സുപ്രധാനവും ശബരിമല തീര്‍ത്ഥാടനകാലത്ത് വന്‍തോതില്‍ യാത്ര ചെയ്യുന്നതുമായ ഒരു റോഡ് ആയതിനാല്‍ അനേകം പേര്‍ക്ക് പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള റോഡിൻ്റെ ഉപരിതലത്തില്‍ 40 എം.എം. കനത്തില്‍ ബിസി ചെയ്യുന്നതാണ്. 230 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തി കെട്ടുന്നതിനും ഏഴു കലുങ്കുകളുടെ പുനരുദ്ധാരണത്തിനും 600 മീറ്റര്‍ ഓട നിര്‍മ്മാണം 2070 മീറ്റര്‍ ഐറിഷ് ഓട നിര്‍മ്മാണം 300 മീറ്റര്‍ നീളത്തില്‍ പൂട്ടുകെട്ട് പാകല്‍ കൂടാതെ ട്രാഫിക് സേഫ്റ്റി പ്രവൃത്തിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴഞ്ചേരി തണുങ്ങാട്ടില്‍ പാലത്തിനോട് ചേര്‍ന്നുള്ള ഭാഗത്താണ് പൂട്ടുകട്ട പാകുന്നത്. കൂടാതെ കോഴഞ്ചേരി തിരുവാഭരണ പാതയുടെ ഭാഗമായ മരുത്തൂര്‍കുളങ്ങര ശബരിമല വില്ലേജ് റോഡില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.