വാഹനം ഇടിച്ച് മരിച്ചാല്‍ ഡ്രൈവര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസുണ്ട്: വൈദ്യുതി മരണകാരണമായാല്‍ ആര്‍ക്കെതിരേ കേസ് എടുക്കും: കെഎസ്ഇബിയെ കുഴപ്പിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍: നല്‍കിയ മറുപടി ഇങ്ങനെ

0 second read
Comments Off on വാഹനം ഇടിച്ച് മരിച്ചാല്‍ ഡ്രൈവര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസുണ്ട്: വൈദ്യുതി മരണകാരണമായാല്‍ ആര്‍ക്കെതിരേ കേസ് എടുക്കും: കെഎസ്ഇബിയെ കുഴപ്പിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍: നല്‍കിയ മറുപടി ഇങ്ങനെ
0

പത്തനംതിട്ട: വാഹനാപകടത്തെ തുടര്‍ന്ന് മരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. എന്നാല്‍, വൈദ്യുതി മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും ആരാണ് ഉത്തരവാദി? ഏത് വകുപ്പിട്ട് ആര്‍ക്കെതിരേ കേസെടുക്കും? അതിനുള്ള നിയമം ഏതാണ്? വളരെ നിരുപദ്രവകരമെന്ന് തോന്നുന്ന ചോദ്യം. പക്ഷേ, മറുപടി നല്‍കിയാല്‍ സ്വയം കുഴി തോന്നുന്നതിന് തുല്യമാകും. അപകടം മനസിലാക്കിയ കെ.എസ്.ഇ.ബി അധികൃതര്‍ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയില്‍ ഒളിച്ചു കളി നടത്തി. വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നൊരു മറുപടിയില്‍ ഇക്കാര്യമെല്ലാം ഒതുക്കി. പക്ഷേ, ആ മറുപടി വിവരാവകാശ നിയമപ്രകാരം മറ്റൊരു കുരുക്കായി.

പത്തനംതിട്ടയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജ് ആണ് കെ.എസ്.ഇ.ബിയെ വട്ടം ചുറ്റിക്കുന്ന ചോദ്യങ്ങളുമായി വിവരാവകാശ അപേക്ഷ നല്‍കിയത്. തിരുവനന്തപുരത്തെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലേക്കാണ് മനോജ് അപേക്ഷ അയച്ചത്. ചോദ്യങ്ങള്‍ ഇവയായിരുന്നു.

1. 2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കേരള സംസ്ഥാനത്ത് മരണപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്ത കെ.എസ്.ഇ.ബി ജീവനക്കാരുടെയും കരാര്‍ ജീവനക്കാരുടെയും പേര് വിവരങ്ങള്‍ ജില്ല തിരിച്ചും കേരളത്തിലെ മൊത്തം കണക്കും നല്‍കുക.

2. ഇതിന് ഉത്തരവാദികളായ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഔദ്യോഗിക സ്ഥാനവും പേര് വിവരങ്ങളും നല്‍കുക.

ആദ്യ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു.
1. കെ.എസ്.ഇ.ബി സ്ഥിരം ജീവനക്കാരുടെയും കരാര്‍ ജീവനക്കാരുടെയും എണ്ണം മാത്രമാണ് തരം തിരിച്ചു സൂക്ഷിച്ചിട്ടുള്ളത്. അതിന്റെ പകര്‍പ്പ് നല്‍കുന്നു. താങ്കള്‍ ആവശ്യപ്പെട്ട വിവരം അതേ വിധത്തില്‍ ഓഫീസില്‍ തയാറാക്കി സൂക്ഷിച്ചിട്ടില്ല. ആയതിനാല്‍ അനേകം ഫയലുകള്‍ അനേക ദിവസം പരിശോധിച്ച് അവയില്‍ നിന്ന് വിവരങ്ങള്‍ കണ്ടെത്തി തയാറാക്കേണ്ടതുണ്ട്. ഇപ്രകാരം മറുപടി തയാറാക്കാന്‍ ശ്രമിക്കുന്നത് ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. താങ്കള്‍ക്ക് ആവശ്യപ്പെട്ട് വിവരം ഈ ഓഫീസിലോ അതാത് ജില്ലാ ഓഫീസുകളിലോ നേരിട്ട് എത്തി ലഭ്യമായി വിവരങ്ങള്‍ നേരിട്ടു പരിശോധിച്ച് ശേഖരിക്കാം.

രണ്ടാമത്തെ ചോദ്യത്തിന് ഒന്നാമത്തെ മറുപടി കോപ്പി പേസ്റ്റ് ചെയ്ത് കൊടുത്തിരിക്കുകയാണ്. രണ്ടാമത്തെ ചോദ്യത്തിന് മറുപടി നല്‍കിയാല്‍ ജീവനക്കാര്‍ വെട്ടിലാകുമെന്ന് കണ്ടാണ് അപേക്ഷകന് ഒരു ഹിമാലയന്‍ ടാസ്‌ക് നല്‍കിയിരിക്കുന്നത്. ഇതേ ചോദ്യം പത്തനംതിട്ട ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലേക്കും അയച്ചിരുന്നു. അതിനും മേല്‍പ്പറഞ്ഞ അതേ മറുപടിയാണ് ലഭിച്ചത്. എന്നാല്‍, ഇങ്ങനെ ഒരു മറുപടി നല്‍കാന്‍ വിവരാവകാശ നിയമപ്രകാരം പാടില്ലെന്ന് അപേക്ഷകനായ മനോജ് പറയുന്നു.

ഇക്കാര്യം സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാര്‍ പല പല ഉത്തരവുകളില്‍ കൂടി വ്യക്തമാക്കിയിട്ടുള്ളതാണ് അതായത് ഒരു കാരണവശാലും വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുന്ന ആളോട് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നോ അപേക്ഷ നല്‍കുന്നയാളെ വിവരാവകാശ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഫയലുകള്‍ പരിശോധിച്ചു വിവരങ്ങള്‍ കണ്ടെത്തിക്കോളാന്‍ പറയരുതെന്നുമാണ് കമ്മിഷണറടെ ഉത്തരവ്.

ഇവിടെ കെ.എസ്.ഇ.ബി ആ നിര്‍ദേശം ലംഘിച്ചിരിക്കുന്നത് തങ്ങളുടെ ജീവനക്കാരുടെ പേര് വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ വേണ്ടിയാണെന്ന് മനോജ പറയുന്നു. എന്തായാലും പിന്നോട്ടില്ലെന്നാണ് മനോജിന്റെ നിലപാട്. വൈദ്യുതി മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് ആരാണുത്തരവാദി എന്ന് പൊതുജനം മനസിലാക്കേണ്ടതുണ്ടെന്നും മനോജ് പറയുന്നു.

കെഎസ്ഇബിയുടെ വൈദ്യുതി വിതരണ ശൃംഖലയിലെ അപകടം സംബന്ധിച്ചുള്ള കണക്കുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് വ്യക്തമല്ല. മരണ സംഖ്യ എത്രയെന്ന് പറയുന്നില്ല. വൈദ്യുതി അപകടങ്ങള്‍ മാരകം, മാരകമല്ലാത്തത് എന്നിങ്ങനെ രണ്ടു കോളങ്ങളിലാക്കി കണക്കുകള്‍ നല്‍കിയിരിക്കുന്നു. മാരകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മരണമാണോയെന്നും വ്യക്തല്ല.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …