
പത്തനംതിട്ട: ജില്ലയില്‍ തുടരുന്ന ലഹരിവസ്തുക്കള്‍ക്കെതിരായ പ്രത്യേകപരിശോധനയില്‍ 10 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളിയെ പിടികൂടി. ഇന്നലെരാത്രി 9.20 ന് പന്തളം മെഡിക്കല്‍ മിഷന്‍ ജംഗ്ഷനില്‍ നിന്നാണ് ഉത്തര്‍പ്രദേശ് സ്വദേശിയെ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടിയത്. വില്‍പ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് പന്തളം പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് ഗാസിപൂര്‍ ജഗദീഷ് പൂര്‍ ഉരഹ, രാമാശ്രയ് പാന്‍ഡെ മകന്‍ വിക്രാന്ത് പാസ്വാന്‍ (29) ആണ് അറസ്റ്റിലായത്.
പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രത്യേകപരിശോധനയില്‍ ഇയാളെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ് ഐ പി കെ രാജന്‍ സിപിഓ മാരായ എസ് അന്‍വര്‍ഷ, കെ അമീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന് പേരിട്ടു ജില്ലയില്‍ പോലീസ് നടത്തുന്ന റെയ്ഡില്‍ നിരവധി പേരെ കഴിഞ്ഞദിവസങ്ങളില്‍ കഞ്ചാവ് ഉപയോഗത്തിനു കസ്റ്റഡിയിലെടുക്കുകയും, കഞ്ചാവ് വില്‍പ്പനയ്ക്ക് സൂക്ഷിച്ചതിന് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിഥിതൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, വിദ്യാഭ്യാസസ്ഥാപനപരിസരങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച്‌ലഹരിവസ്തുക്കള്‍ക്കെതിരായ റെയ്ഡുകള്‍ തുടരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.