വീടാക്രമണ കേസ് പിന്‍വലിക്കാത്തതിന്റെ വിരോധം: വീണ്ടും വീട് ആക്രമിച്ചു: യുവാവ് അറസ്റ്റില്‍

0 second read
0
0

കോന്നി: നാലുവര്‍ഷം മുമ്പ് വീടാക്രമിച്ചതിനെടുത്ത കേസ് പിന്‍വലിക്കാത്ത വിരോധത്താല്‍, വീണ്ടും വയോധികയുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിക്രമം നടത്തിയ ലഹരിക്ക് അടിമയായ പ്രതിയെ കോന്നി പോലീസ് പിടികൂടി. കോന്നി വി കോട്ടയം വിജയഭവനം വീട്ടില്‍ വിജയന്റെ ഭാര്യ വിജയകുമാരി (61)ക്ക് ഇയാളുടെ കത്രിക കൊണ്ടുള്ള ആക്രമണത്തില്‍ കൈക്ക് മുറിവേറ്റു.ഇവര്‍ റിട്ടയേര്‍ഡ് ഹെഡ് മിസ്‌ട്രെസ് ആണ്. ഭര്‍ത്താവുമൊത്ത് താമസിക്കുകയാണ്.

അയല്‍വാസിയായ വി കോട്ടയം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം കൊല്ലുത്തറ പടിഞ്ഞാറ്റതില്‍ വീട്ടില്‍ ഗോപേഷ് ( 34) ആണ് അറസ്റ്റിലായത്.ഇയാള്‍ 24 ന് രാത്രി ഏഴരയോടെ വീട്ടില്‍ അതിക്രമിച്ചു കയറി മുറ്റത്ത് കിടന്ന് കാറിന് ചുറ്റിക കൊണ്ട് അടിച്ച് കേടുപാട് വരുത്തുകയും, സിറ്റ് ഔട്ടിന്റെ ഗ്രില്ലിന് ഇടയില്‍ കൂടി കയ്യിട്ട് ഒരു കത്രിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. വിജയകുമാരിയുടെ ഉള്ളംകൈക്ക് മുറിവ് ഉണ്ടായി. ഇവരുടെ മൊഴി രേഖപ്പെടുത്തിയ കോന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ദമ്പതികളുടെ രണ്ട് ആണ്‍മക്കളും വിദേശത്താണ്. ഇളയ മകന്‍ ആശംസിന്റെ സുഹൃത്താണ് പ്രതി ഗോപേഷ്. ദമ്പതികള്‍ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ മുറ്റത്ത് ഉച്ചത്തില്‍ ബഹളം കേട്ട് സിറ്റൗട്ടില്‍ ഇറങ്ങി നോക്കി. അപ്പോള്‍ ഇയാള്‍ വീട്ടുമുറ്റത്ത് നിന്ന് കാറിന് മുകളില്‍ ചുറ്റിക വച്ച് അടിക്കുന്നതാണ് കണ്ടത്. തുടര്‍ന്നാല്‍ അസഭ്യം വിളിക്കുകയും, ആക്രോശിക്കുകയും, സിറ്റൗട്ടിന് ഗ്രില്‍ പിടിച്ച് തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ ഗ്രില്ല് പിടിച്ചു കുലുക്കിയപ്പോള്‍ അകത്തുനിന്നും ദമ്പതികള്‍ കുറ്റിയിട്ട ശേഷം തള്ളിപ്പിടിച്ചു. അപ്പോഴാണ് കയ്യിലിരുന്ന കത്രിക കൊണ്ട് ഇയാള്‍ ഇവരുടെ കയ്യില്‍ കുത്തിയത്. കൈ വലിച്ചുവെങ്കിലും കത്രികയുടെ ആറ്റം ഉള്ളംകയില്‍ കൊണ്ട് മുറിവുണ്ടായി. പിറ്റേന്ന് ഇവര്‍ സ്റ്റേഷനില്‍ മൊഴി നല്‍കി.

ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസിയായ സ്ത്രീ ഓടിവന്ന്, ഇയാളോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അക്രമാസക്തനായ യുവാവ് പിന്‍വാങ്ങിയത്. 2021 ജനുവരി എട്ടിനും ഇയാള്‍ ഇത്തരത്തില്‍ വീട്ടില്‍ അതിക്രമിച്ചകയറി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും മറ്റും ചെയ്തതിന് അന്ന് കോന്നി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന്റെ വിചാരണ പത്തനംതിട്ട ജെ എഫ് എം 2 കോടതിയില്‍ നടന്നുവരികയാണ്. ഈ കേസ് പിന്‍വലിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി വരികയാണ് പ്രതി. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വളരെ വേഗം തന്നെ ലഹരിക്ക് അടിമയായ ആക്രമിയെ പോലീസ് സംഘം വി കോട്ടയം ജംഗ്ഷനില്‍ നിന്നും ഇന്നലെ രാത്രി എട്ടോടെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്നുരാവിലെ സ്ഥലത്ത് നടത്തിയ തെളിവെടുപ്പില്‍ ചുറ്റിക പോലീസ് കണ്ടെടുത്തു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ കത്രിക ഒളിപ്പിച്ച സ്ഥലത്തുനിന്നും കണ്ടെടുത്തു. കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ വിമല്‍ രംഗനാഥിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

 

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

വീണാ ജോര്‍ജ് പ്രത്യേക ക്ഷണിതാവായത് മന്ത്രിയെന്ന നിലയില്‍: എ. പത്മകുമാറിനെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം

പത്തനംതിട്ട: മന്ത്രിയെന്ന നിലയിലാണ് വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി പരിഗണിച്…