
അടൂര്‍: പത്തനംതിട്ട ജില്ലയിലെ ശുചിമുറി മാലിന്യം അതിര്‍ത്തി പ്രദേശം ആയ തെങ്ങമത്തിന് അടുത്ത് കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്ത് ആറാം വാര്‍ഡിലെ ഇടക്കാട് പെരുവിരുത്തിമലനട ദുര്യോധന ക്ഷേത്രത്തിനു സമീപം ഉള്ള ശുദ്ധജല സംഭരണിയില്‍ തള്ളി. അര്‍ദ്ധരാത്രിയില്‍ മാലിന്യം കൊണ്ടുവന്നു തള്ളിയത് പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനുമംഗലത്തിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍,നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടി ശൂരനാട് പോലീസില്‍ ഏല്‍പ്പിച്ചു. മുമ്പ് പല ദിവസങ്ങളിലും ഇത് പോലെ തള്ളിയ സംഭവങ്ങള്‍ ഉണ്ടായതിനാല്‍ നാട്ടുകാര്‍ ജാഗ്രതയില്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടു വന്ന മാലിന്യം നിക്ഷേപിച്ചു കൊണ്ടിരുന്നത് രണ്ടാം വാര്‍ഡ് മെമ്പര്‍ അരുണിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആള്‍ക്കാരെ കൂട്ടിയപ്പോഴേക്കും ടാങ്കര്‍ ലോറിയുമായി സ്ഥലം വിട്ടു. ഉടന്‍ ശൂരനാട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി പഴകുളത്തു നിന്നും വാഹനം പിടികൂടി തിരിച്ചെത്തിച്ചു നിക്ഷേപിക്കപ്പെട്ട മാലിന്യം തിരിച്ചു ടാങ്കറില്‍ കയറ്റി. ഇതേ ടാങ്കര്‍ ഇതേ കുറ്റത്തിന് കഴിഞ്ഞ ദിവസം അടൂരില്‍ പിടികൂടിയിരുന്നു. ഒന്നരലക്ഷം രൂപയാണ് പിഴ അടപ്പിച്ചത്. ഈ വാഹനം ആര്‍ഡിഓ റിക്കവറി നടത്തി പഞ്ചായത്ത് ലേലം ചെയ്യുമെന്ന് പ്രസിഡന്റ് ബിനു മംഗലത്ത് പറഞ്ഞു.