
തിരുവല്ല: പത്തു വയസുകാരനെ മറയാക്കി ലഹരി മരുന്ന് വ്യാപാരം നടത്തിയതിന് അറസ്റ്റിലായ പിതാവിനെതിരേ ബാലനീതി നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കെതിരേ ഭാര്യയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസ് നിലവിലുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് 3.78 ഗ്രാം എം ഡി എം എയുമായി പിടികൂടിയ കുറ്റപ്പുഴ ചുമത്ര കോവൂര്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷമീറി(39)നെതിരെയാണ് മകനെ സംരക്ഷിക്കാത്തതിനു ബാലനീതി നിയമത്തിലെ വകുപ്പ് 78 പ്രകാരം ഭാര്യയുടെ മൊഴിവാങ്ങി കേസെടുത്തത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ 2. 45 ന് ഇയാളുടെ കുടുംബവീടായ ചുമത്ര താഴ്ചയില്‍ ഹൗസില്‍ നിന്നാണ് പിടികൂടിയത്.പോലീസ് വീടിന്റെ വാതിലില്‍ തട്ടി വിളിച്ചപ്പോള്‍ കതക് തുറന്നത് പിതാവ് ഹനീഫയായിരുന്നു. ഷമീറിനെ പറ്റി അന്വേഷിച്ചപ്പോള്‍, കിടപ്പുമുറിയില്‍ ഉണ്ടെന്ന് പിതാവ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടി ചോദ്യം ചെയ്തു. ഇയാള്‍ ആകെ പരിഭ്രാന്തനായിരുന്നു. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ ധരിച്ചിരുന്ന ട്രൗസറിന്റെ വലതുവശം പോക്കറ്റില്‍ സിപ് കവറുകളില്‍ സൂക്ഷിച്ചനിലയില്‍ എം ഡി എം എ കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
മറ്റ് ജോലികളോ വരുമാനമോ ഒന്നുമില്ലാതെ, ലഹരിവസ്തുക്കളുടെ വില്പന നടത്തി ജീവിതം നയിക്കുകയായിരുന്നു ഇയാള്‍. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് തികച്ചും വ്യത്യസ്തമായ വിപണന തന്ത്രം ഇയാള്‍ വെളിപ്പെടുത്തിയത്. രാസലഹരിവസ്തു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്,നിറമുള്ള സെലോഫൈന്‍ ടേപ്പ് കൊണ്ട് സ്വന്തം ശരീരത്തില്‍ ഒട്ടിച്ചുവച്ച് തിരുവല്ലയിലും പരിസരങ്ങളിലുമുള്ള ആവശ്യക്കാര്‍ക്ക് എത്തിച്ചുവരികയായിരുന്നു ഇയാള്‍. സ്‌കൂട്ടറിലാവും യാത്ര, മകന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ കൂടെകൂട്ടുമായിരുന്നു. സ്വന്തമായ ഒരു വിപണന ശൃംഖല തന്നെ സൃഷ്ടിച്ച പ്രതി പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ലഹരിവസ്തു വില്പന നടത്തി വരികയാണെന്ന് പോലീസിനോട് സമ്മതിച്ചു. ഒരു വര്‍ഷത്തോളമായി ഇങ്ങനെ ചെയ്തു വരുന്നതായും ചോദ്യംചെയ്യലില്‍ വ്യക്തമാക്കി.കര്‍ണാടകയില്‍ നിന്നും മറ്റുമാണ് രാസലഹരിവസ്തുക്കള്‍ എത്തിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഏജന്റുമാരായി ഉപയോഗിക്കുന്നുണ്ടോ, ലഹരിവസ്തുക്കളുടെ സ്രോതസ്സ്, പ്രതിക്ക് കൂട്ടാളികള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
ഷമീര്‍ റിമാന്‍ഡിലായതിനെ തുടര്‍ന്ന്, ഇന്നലെ സന്ധ്യയോടെ ഭാര്യ തിരുവല്ല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി . തുടര്‍ന്ന് എസ് ഐ മിത്ര വി മുരളി മൊഴി രേഖപ്പെടുത്തി. ഇവര്‍ വിദേശത്ത് അക്കൗണ്ടന്റായി ജോലി നോക്കുകയാണ്. വീട്ടില്‍ മാതാപിതാക്കളും 12 വയസ്സുള്ള മകനുമാണ് താമസം. 13 വര്‍ഷം മുമ്പാണ് ഷമീറുമായുള്ള വിവാഹം നടന്നത്. ആറു വര്‍ഷമായി ഷമീര്‍ രാസലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി ഇവരുടെ മൊഴിയില്‍ പറയുന്നു. ഇവര്‍ ഗള്‍ഫില്‍ പോയതിനുശേഷമാണ് ഷമീര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയത്. മകന്‍ ഇയാള്‍ക്കൊപ്പമായിരുന്നു താമസം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നോടൊപ്പം, വില്‍പ്പനയും ഉണ്ടായിരുന്നു. എം ഡി എം എ പോലെയുള്ള രാസലഹരി വസ്തുക്കള്‍ പൊതിഞ്ഞ് സ്വന്തം കാല്‍പാദത്തിനടിയിലും കക്ഷത്തിലും വയറ്റിലും രഹസ്യഭാഗങ്ങളിലും സെല്ലോഫൈന്‍ കൊണ്ട് ഒട്ടിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു വില്പനരീതിയെന്ന് ഭാര്യ പോലിസിനോട് വെളിപ്പെടുത്തി. മകന്‍ കുഞ്ഞായിരിക്കുമ്പോള്‍, 2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍, സ്‌കൂട്ടറിന്റെ മുന്നില്‍ ഇരുത്തി അവനെയും കൂട്ടിയാണ് ഭര്‍ത്താവ് ലഹരിക്കച്ചവടത്തിനു പോയിരുന്നത്.
ഇക്കാര്യത്തില്‍ പലതവണ താക്കീത് കൊടുത്തിട്ടും കേട്ടില്ലെന്നും ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അഞ്ചിന് രാത്രി, മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തതിന്റെ പേരില്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയും, കമ്പി കൊണ്ട് ദേഹമാകെ മര്‍ദ്ദിക്കുകയും ചെയ്തതായി കാട്ടി ഇവര്‍ പരാതി നല്‍കിയത് പ്രകാരം തിരുവല്ല പോലീസ് കേസെടുത്തു അന്വേഷണം നടത്തിയിരുന്നു. കേസ് ഇപ്പോള്‍ തിരുവല്ല ജെ എഫ് എം കോടതിയുടെ പരിഗണനയിലാണ്. ഇയാളുടെ നിരന്തര ദേഹോപദ്രവവും ലഹരി ഉപയോഗവും കാരണം വിവാഹബന്ധം വേര്‍പെടുത്തുന്നതിന് തിരുവല്ല കുടുംബ കോടതിയില്‍ കേസ് നല്‍കിയിട്ടുള്ളതായും ഇവരുടെ മൊഴിയില്‍ വ്യക്തമാക്കി.
ഷമീറിനെ ഭയന്നാണ് ഇതുവരെ പോലീസില്‍ പരാതിപ്പെടാഞ്ഞതെന്നും ഇപ്പോള്‍ റിമാന്‍ഡ് ആയ ധൈര്യത്തിലാണ് ഇതിനു മുതിര്‍ന്ന തെന്നും വെളിപ്പെടുത്തി. വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് തുടര്‍ന്ന്, ബാലനീതി നിയമത്തിലെ വകുപ്പ് 78 പ്രകാരം ഷമീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എസ് ഐ സുരേന്ദ്രന്‍ പിള്ളയാണ് കേസെടുത്തത്. 2019 മുതലുള്ള രണ്ടുവര്‍ഷത്തിനിടെ വിവിധ സ്ഥലങ്ങളില്‍ കുട്ടിയെ ഒപ്പം കൂട്ടി സ്‌കൂട്ടറില്‍ കറങ്ങിനടന്ന് നിരോധിക്കപ്പെട്ട രാസലഹരിമരുന്ന് വില്പന നടത്തുകയും, കുട്ടിയെ ഇതിന് മറയാക്കുകയുമായിരുന്നു പ്രതി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇരുകേസുകളിലും വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.