
പത്തനംതിട്ട: ജില്ലാ പോലീസ് നടപ്പിലാക്കിയ സൈബര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തന ഫലമായി, ശബരിമല തീര്‍ത്ഥാടകരുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമകള്‍ക്ക് തിരിച്ചു നല്‍കി. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ, മൊബൈല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനമായ സി ഇ ഐ ആര്‍ പോര്‍ട്ടലിന്റെ പ്രവര്‍ത്തനമാണ് ഉപകാരപ്രദമായത്. സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ജില്ലയില്‍ ആദ്യമായാണ് ഈ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇപ്പോഴും ഇത് പ്രവര്‍ത്തനസജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞ ശബരിമല മണ്ഡല-മകരവിളക്ക് കാലം ആരംഭിച്ച ശേഷമാണ് പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സൈബര്‍ ഹെല്പ് ഡസ്‌ക് തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ നഷ്ടമായവര്‍ക്ക് സി ഇ ഐ ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തവയില്‍ പോലീസ് കണ്ടെത്തി തിരിച്ചുപിടിച്ച 70 ഫോണുകളാണ് ഉടമകളെ കണ്ടെത്തി കൊറിയര്‍ വഴി അയച്ചു കൊടുത്തത്. മിക്കതും ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ ചില സ്ഥലങ്ങളില്‍ നിന്നുമാണ് കണ്ടെത്താന്‍ സാധിച്ചത്.
സൈബര്‍ ഹെല്‍പ്‌ഡെസ്‌ക്കിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഈ ഫോണുകള്‍ നിലവില്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തി അവരോട് വിവരം പറയുകയും തുടര്‍ന്ന് ഫോണ്‍ തിരികെ ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഉടമസ്ഥര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ കണ്ടെത്തുന്നതിന് രജിസ്റ്റര്‍ ചെയ്യാവുന്ന മൊബൈല്‍ ആപ്പ് ആണ് സി ഇ ഐ ആര്‍. മോഷണം തടയുന്നതിനും നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ തിരിച്ചു കിട്ടുന്നതിനും ജില്ലാ പോലീസ് മേധാവി മുന്‍കൈയെടുത്ത് രൂപീകരിച്ച് വിജയകരമായി നടപ്പിലാക്കിയ സംവിധാനമാണിത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്ക് ഏറെ ഉപകാരപ്രദമാണ് കേന്ദ്രഗവണ്മെന്റ് പദ്ധതിയില്‍പ്പെട്ട ഈ സംവിധാനമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജിന്റെ നേതൃത്വത്തിലാണ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.