വധശ്രമക്കേസില്‍ മക്കള്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ തണ്ണിത്തോട്ടിലെ മത്തായിയുടെ ആത്മഹത്യ: സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

0 second read
0
0

പത്തനംതിട്ട: ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ക്വട്ടേഷന്‍ ആക്രമണത്തിന് പോയ യുവാക്കളെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെ പിതാവ് തൂങ്ങി മരിച്ച സംഭവം പത്തനംതിട്ടയിലെ സിപിഎമ്മില്‍ വിവാദത്തിന് തിരി കൊളുത്തുന്നു. തണ്ണിത്തോട് മൂഴി കൊടുന്തറ പുത്തന്‍ വീട്ടില്‍ വൈ.മത്തായിയെ (ലെസ്‌ലി 54) ആണ് വീടിന് സമീപം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തണ്ണിത്തോട് പോലീസും സിപിഎമ്മിന്റെ ഒരു നേതാവും ചേര്‍ന്ന് തിരക്കിട്ട് മൃതദേഹം അഴിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നും ആത്മഹത്യാക്കുറിപ്പ് മാറ്റിയതായും ആരോപണം.

പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ കാരണം യുവാവിനെ ആക്രമിച്ച് മൃതപ്രായനാക്കിയ കേസില്‍ മത്തായിയുടെ മക്കളായ ലിബിന്‍ കെ. മത്തായി(29), എബിന്‍ കെ. മത്തായി (28) എന്നിവരടക്കം മൂന്നു പേരെ കോടതി 20 വര്‍ഷം കഠിന തടവിനും 45000 രൂപ വീതം പിഴയൊടുക്കുന്നതിനും കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടില്‍ ബിനോയ് മാത്യു(50)വാണ് ഈ കേസില്‍ മൂന്നാം പ്രതി. തണ്ണിത്തോട് മണ്ണിറ പറങ്ങിമാവിള വീട്ടില്‍ സഞ്ചു (33) വിനെയാണ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ 2017 മാര്‍ച്ച് 31 ന് വൈകിട്ട് 5.30 ന് ഈറച്ചപ്പാത്തില്‍ വച്ച് പ്രതികള്‍ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്. തോളിലും ഗുരുതരമായ പരിക്കുപറ്റി, വഴിയാത്രക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. ലിവര്‍ സ്പാനര്‍, ഇരുമ്പുകമ്പി, തടികഷണം എന്നീ മാരകായുധങ്ങള്‍ കൊണ്ട് തലയ്ക്കടിച്ച് തലയോട്ടിക്ക് ഗുരുതര പരിക്കുകള്‍ ഏല്‍പ്പിച്ചു.

പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അന്നത്തെ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നു സഞ്ചുവിനെ ആക്രമിച്ചത്. സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്നില്‍ വച്ച് സഞ്ചുവും ബിനോയിയും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് ക്വട്ടേഷന്‍ ആക്രമണത്തിലേക്ക് ചെന്നത്. ഇയാളെ അടിക്കുമെന്ന് അന്നത്തെ ലോക്കല്‍ സെക്രട്ടറി പരസ്യമായി പറഞ്ഞിരുന്നവത്രേ. കോന്നി ഏരിയാ സെക്രട്ടറി അടക്കം ഇതിനെ എതിര്‍ത്തുവെങ്കിലും ലോക്കല്‍ സെക്രട്ടറി തന്റെ അജണ്ട നടപ്പാക്കുകയായിരുന്നു. ഇതിനോടകം സിപിഐയില്‍ ചേര്‍ന്ന സഞ്ചുവിനെ മര്‍ദിക്കാന്‍ പാര്‍ട്ടി അംഗങ്ങളായ മൂന്നു പേരെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു വരുന്ന കേസില്‍ നിന്ന് അടക്കം രക്ഷിക്കാമെന്ന് ലോക്കല്‍ സെക്രട്ടറി ഉറപ്പു കൊടുത്തിരുന്നുവത്രേ. സഞ്ചുവിനെ ആക്രമിച്ച് മൃതപ്രായനാക്കിയതോടെ പോലീസ് പിടിയിലായ മൂന്നു പേരും 75 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞു.

പിന്നീട് ലോക്കല്‍ സെക്രട്ടറി വാഗ്ദാനം ചെയ്തതു പോലെയുളള ഒരു സഹായവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പറയുന്നു. പ്രതികള്‍ തന്നെ കേസ് നടത്തേണ്ടി വന്നു. മത്തായിയുടെ കുടുംബാംഗങ്ങള്‍ എല്ലാം തന്നെ സിപിഎം അംഗങ്ങളാണ്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് സഹായം ലഭിക്കാതെ വന്നതോടെ ഇവര്‍ നിരാശയിലായിരുന്നു. കഴിഞ്ഞയാഴ്ച ചേര്‍ന്ന സിപിഎം മൂഴി ബ്രാഞ്ച് കമ്മറ്റി യോഗത്തില്‍ മത്തായി പൊട്ടിത്തെറിച്ചു. തന്റെ മക്കളെ കോടതി ശിക്ഷിച്ചാല്‍ ജീവനൊടുക്കുമെന്ന് പരസ്യമായി മത്തായി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രതികളെ ശിക്ഷിച്ചു കൊണ്ടുള്ള വിധി വന്നത്. മക്കള്‍ ജയിലില്‍ ആയതിന്റെ മാനസിക വിഷമത്തിലായിരുന്ന മത്തായി ഇന്നലെ തൂങ്ങി മരിക്കുകയായിരുന്നു.

ചില പാര്‍ട്ടി നേതാക്കളുടെ പേരെഴുതി വച്ച ശേഷമാണ് മത്തായി ജീവനൊടുക്കിയതെന്നാണ് പറയുന്നത്. ആത്മഹത്യാക്കുറിപ്പ് മാറ്റിയെന്നുള്ള ആരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരുന്നു. പോലീസ് ഇതിന് കൂട്ടു നിന്നുവെന്നാണ് ആക്ഷേപം. യുവാക്കളെ ക്വട്ടേഷന്‍ ആക്രമണത്തിന് പറഞ്ഞു വിടുകയും കേസില്‍ പ്രതിയാവുകയും ചെയ്തപ്പോള്‍ പാര്‍ട്ടി കൈയൊഴിഞ്ഞതില്‍ തണ്ണിത്തോട്ടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം വ്യാപിക്കുകയാണ്. ഇതിന്റെ പേരില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി വച്ചുവെന്നും സൂചനയുണ്ട്.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

പതിനാറുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പി…