
അടൂര്‍: പ്രദേശത്ത് ഒമ്പതു പേരെ തെരുവുനായ കടിച്ചു പരുക്കേല്‍പ്പിച്ചു. ആനന്ദപ്പള്ളിയിലും മണക്കാല ജനശക്തി നഗറിലുമാണ് നായയുടെ ആക്രമണമുണ്ടായത്. ആനന്ദപ്പള്ളി കൊച്ചുവിളപ്പടി ഭാഗത്തു വച്ചാണ് വഴിയാത്രക്കാര്‍ ഉള്‍പ്പെടെ 7 പേര്‍ക്കു കടിയേറ്റത്. ആനന്ദപ്പള്ളി കൊച്ചുവിളപ്പടി മുകളേത്ത് പൊന്നന്‍, മലയില്‍ തെക്കേതില്‍ രാജീവ്, തുളസീതീര്‍ഥത്തില്‍ ആര്‍.സുകു, കൂടാതെ 4 വഴിയാത്രക്കാരേയുമാണ് കടിച്ചത്. വെള്ളിയാഴ്ച വൈകിട്ടും ഇന്നലെ രാവിലെയുമായിട്ടാണ് 7 പേരെ നായ കടിച്ചു പരുക്കേല്‍പ്പിച്ചത്. ഇവരെ കടിച്ച നായയെ പിന്നീട് ആനന്ദപ്പള്ളി പാലശേരി ഭാഗത്ത് ചത്ത നിലയില്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ രമേഷ് വരിക്കോലിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം സ്ഥലത്തെ പരിശോധന നടത്തുകയും വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് മണക്കാല ജനശക്തിനഗറില്‍ 2 പേരെ ഇവിടെ തന്നെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായ കടിച്ചത്. ജനശക്തിനഗര്‍ കൊണ്ടൂര്‍ വീട്ടില്‍ ജഗദമ്മ(64), പ്രിന്‍സ് ബി.നിഖില്‍(25) എന്നിവരെയാണ് കടിച്ചത്. ഇവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.