നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി

0 second read
0
0

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിനു സമീപം പ്ലാവേലിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന പി ആർ അർജു(27)നെയാണ് തിരുവല്ല പോലീസ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ ) വകുപ്പ് 3 (1)പ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി.
ഫെബ്രുവരി 25 ലെ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ പ്രകാരം ഈ മാസം 4 നാണ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഉത്തരവായത്.

2017 മുതൽ ഇതുവരെ 7 കേസുകളിൽ പ്രതിയാണ് അർജുൻ. ഇവയിൽ 5 കേസുകളാണ് ഉത്തരവിനായുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. 4 കേസുകളും കോടതിയിൽ വിചാരണയിൽ തുടരുമ്പോൾ ഒരു കേസ് അന്വേഷണത്തിലാണ്. മറ്റു രണ്ടു കേസുകൾ തിരുവല്ലയിൽ 2017 ൽ രജിസ്റ്റർ ചെയ്തതും,വാകത്താനം പോലീസ് 2020 ലെടുത്ത കേസുകളുമാണ്. അറിയപ്പെടുന്ന റൗഡിയായ പ്രതിക്ക് തിരുവല്ല കോട്ടയം വാകത്താനം എന്നീ സ്റ്റേഷനുകളിലാണ് ക്രിമിനൽ കേസുകൾ നിലവിലുള്ളത്.

ഒരുവർഷത്തേക്ക് നല്ല നടപ്പ് ജാമ്യം വാങ്ങുന്നതിലേക്ക് തിരുവല്ല പോലീസ് സ്റ്റേഷനിൽ നിന്നും തിരുവല്ല സബ് ഡിവിഷണൽ രജിസ്ട്രേറ്റ് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചതുപ്രകാരം ഇയാൾ ബോണ്ട്‌ വച്ചിരുന്നു. എന്നാൽ ബോണ്ട് കാലാവധി പൂർത്തിയായ ശേഷം വീണ്ടും കേസിൽ ഉൾപ്പെട്ടു. തുടർന്ന് മൂന്നുവർഷത്തേക്ക് നല്ലനടപ്പ് ജാമ്യത്തിനായി തിരുവല്ല സ്റ്റേഷനിൽ നിന്നും കഴിഞ്ഞവർഷം ഡിസംബർ 26ന് തിരുവല്ല സബ് ഡിവിഷണൽ രജിസ്ട്രേറ്റ് കോടതിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു, ഇത് കോടതിയിൽ വിചാരണയിലാണ്.
വീടുകയറി ആക്രമണം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകം, കൊലപാതക ശ്രമം, വീട് തകർക്കൽ, പോലീസിനെ ആക്രമിക്കൽ, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, പെപ്പർ സ്പ്രേ ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വരികയാണ് പ്രതി. 62 കാരനെ മറ്റൊരു പ്രതിയുമായി ചേർന്ന് മർദ്ദിച്ചു കൊന്നതിനു തിരുവല്ല പോലീസ് 2020 ൽ കേസ് എടുത്തിരുന്നു.

റൗഡി ഹിസ്റ്ററി സീറ്റിൽ ഉൾപ്പെടുത്തിയ ഇയാൾക്കെതിരെ മറ്റ് നിയമനടപടികൾ കൈക്കൊണ്ടിട്ടും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു. ഏറ്റവും ഒടുവിൽ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചിരുന്നു. ഇത് റദ്ദാക്കുന്നതിന് കോടതിക്ക് സ്റ്റേഷനിൽ നിന്നും സമർപ്പിച്ച റിപ്പോർട്ട്‌ കോടതിയുടെ പരിഗണയിലാണ്. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബി.ജെ.പി പത്തനംതിട്ട ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു:അയിരൂര്‍ പ്രദീപ്, വിജയകുമാര്‍ മണിപ്പുഴ, അഡ്വ.കെ ബിനുമോന്‍ ജനറല്‍ സെക്രട്ടറിമാര്‍: ആര്‍. ഗോപാലകൃഷ്ണന്‍ കര്‍ത്ത ട്രഷറര്‍

പത്തനംതിട്ട: ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോ…