
തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാംസ്കാരിക ക്ഷേമനിധി എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ ഉണ്ടെങ്കില്‍ അത് നടന്നിരിക്കുമെന്ന് മന്ത്രി ജി. അനില്‍ പറഞ്ഞു. കേരളത്തില്‍ ക്ഷേമനിധിയില്‍ ഉള്‍പെടുത്താത്ത തൊഴിലാളി വിഭാഗം ഉണ്ടാകില്ലെന്നതാണ് വസ്തുത. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തി. കേരളത്തിലെ ഒട്ടുമിക്ക ക്ഷേമനിധി പദ്ധതികളിലും സര്‍ക്കാരിന് സാമ്പത്തിക ഭാരം ഇല്ലാത്തവയാണ്. പ്രാദേശിക ലേഖകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്താന്‍ സാധ്യമായ മാര്‍ഗങ്ങള്‍ ആരാഞ്ഞ് ക്ഷേമനിധി സാധ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യധാരയില്‍ നിന്ന് പിന്നോട്ടു പോകരുത്. നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. പലപ്പോഴും മാധ്യമപ്രവര്‍ത്തനം ഏകപക്ഷീയമായി പോകുന്നുവെന്നും ഇവ തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നെഗറ്റീവ് വാര്‍ത്തകള്‍ക്ക് പ്രാധാന്യമേറുന്ന രീതി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.വി സതീഷ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തനത്തെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരാണന്ന് എം.എ.എ പറഞ്ഞു.
ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന് ദേശീയ സെക്രട്ടറി ജനറല്‍ എസ്. സബാനായകന് വിശിഷ്ട അതിഥിയായി പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി സ്മിജന്‍, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന ട്രഷറാര്‍ ഇ.പി രാജീവ്, വൈസ് പ്രസിഡന്റ്മാരായ സനില്‍ അടൂര്‍, എം.എ ഷാജി, മണിവസന്തം ശ്രീകുമാര്‍, പ്രകാശന് പയ്യന്നൂര്‍, സെക്രട്ടറിമാരായ ജോഷി അറക്കല്‍, പ്രമോദ് കാസര്‍കോട്, ദേശീയ സമിതി അംഗങ്ങളായ ആഷിക് മണിയംകുളം, ജോസ് താടിക്കാരന്, വനിതാ കമ്മിറ്റി കണ്‍വീനര്‍ ആഷ കുട്ടപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.