പിന്മാറിയ യുവതിക്ക് മര്‍ദനം, പാസ്പോര്‍ട്ട് മോഷണം: മൂന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്

0 second read
0
0

തിരുവല്ല: വിവാഹിതനാണെന്ന വിവരം അറിഞ്ഞ് യുവതി പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ വിരോധത്തില്‍ രണ്ടു തവണ വീടുകയറി മര്‍ദിക്കുകയും അപമാനിക്കുകയും പാസ്‌പോര്‍ട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത യുവാവിനെ തിരുവല്ല പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.

നിരണം കാടുവെട്ടില്‍ വീട്ടില്‍ സച്ചിന്‍ കെ സൈമണ്‍ (30) ആണ് അറസ്റ്റിലായത്. 17 ന് രാത്രിയും പിറ്റേന്ന് രാവിലെയുമായിരുന്നു അതിക്രമം. ആദ്യ തവണ വീട്ടില്‍ അതിക്രമിച്ചുകടന്ന ഇയാള്‍ യുവതിയുടെ കിടപ്പുമുറിയുടെ വാതില്‍ അടച്ചശേഷം മുഖത്തടിക്കുകയും ദേഹത്ത് കടന്നുപിടിച്ച് കട്ടിലില്‍ കിടത്തി കൈകള്‍ പിന്നിലേക്ക് വലിച്ചു പിടിക്കുകയും ഉപദ്രവിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചപ്പോള്‍ ഇറങ്ങിപ്പോയ യുവാവ് അടുത്തദിവസം രാവിലെ എട്ടു മണിക്കെത്തി അതിക്രമം ആവര്‍ത്തിച്ചു. കൂടാതെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാള്‍, യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ പാസ്‌പോര്‍ട്ട് എടുത്തു കടന്നുകളയുകയായിരുന്നു.

സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞ യുവതിയുടെ മൊഴി സി പി ഓ ശില്പ രേഖപ്പെടുത്തി, തുടര്‍ന്ന് എസ് ഐ കെ സുരേന്ദ്രന്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. യുവതിയും പ്രതിയും മുമ്പ് പരിചയക്കാരായിരുന്നു, അടുപ്പത്തിലായശേഷമാണ് ഇയാള്‍ക്ക് ഭാര്യയും കുടുംബവുമുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന്, യുവതി ഇയാളില്‍ നിന്ന് അകലുകയും, വിദേശത്ത് ജോലിക്ക് പോകുകയും ചെയ്തു. അവധിക്ക് നാട്ടിലെത്തിയത് അറിഞ്ഞ പ്രതി വീട്ടിലെത്തി ഉപദ്രവിക്കുകയും മാനഹാനിപ്പെടുത്തുകയും പാസ്‌പോര്‍ട്ട് മോഷ്ടിക്കുകയും ചെയ്യുകയായിരുന്നെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

എസ് ഐയുടെ നേതൃത്വത്തില്‍ വ്യാപകമായി നടത്തിയ അന്വേഷണത്തില്‍, പ്രതിയെ ഉച്ചക്ക് ഒരു മണിയോടെ ആലുംതുരുത്തിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ വൈകിട്ട് 7 ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് നടത്തിയ തെളിവെടുപ്പിനിടെ, ആലുംതുരുത്തി പാലത്തിനു സമീപത്തെ ബാര്‍ബര്‍ ഷോപ്പിന്റെ ഉള്ളിലെ മേശയില്‍ നിന്നും പാസ്‌പോര്‍ട്ട് കണ്ടെടുത്തു. പ്രതിക്ക് ചെങ്ങന്നൂര്‍ എക്‌സൈസില്‍ ഒരു കേസും, പുളിക്കീഴ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും നിലവിലുണ്ട്. എക്‌സൈസ് കേസ് മാവേലിക്കര കോടതിയില്‍ വിചാരണയിലാണ്.

പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍, എസ് ഐ കെ സുരേന്ദ്രന് പുറമെ എ എസ് ഐ രാജേഷ്, എസ് സി പി ഓമാരായ സന്തോഷ്, രവികുമാര്‍, അനീഷ്, സി പി ഓ ജേക്കബ് എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യം പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് അനുഗ്രഹവും ആശീര്‍വാദവും നല്‍കണം: ആരിഫ് മുഹമ്മദ് ഖാന്‍: ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പ്രഥമ അധ്യക്ഷന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ ഒന്നാം ചരമവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്തു

തിരുവല്ല: രാജ്യം പ്രതിസന്ധി അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്ര…