
പത്തനംതിട്ട: തന്റെ വീട്ടില്‍ വന്ന് മകനുമൊത്ത് മദ്യപിക്കുന്നത് വിലക്കിയതിന് വയോധികനെ മര്‍ദ്ദിച്ച് അവശനാക്കിയ പ്രതിയെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. അതിരുങ്കല്‍ അഞ്ചുമുക്ക് സനീഷ് ഭവനം മച്ചാന്‍ എന്ന് വിളിക്കുന്ന സനീഷ്(39) ആണ് പിടിയിലായത്. എലിയാംമൂല തണ്ണീര്‍ പന്തലില്‍ വീട്ടില്‍ ശശി(60) ക്കാണ് ഇയാളുടെ മര്‍ദ്ദനമേറ്റത്. 18 ന് വൈകിട്ട് ഒമ്പതോടെയായിരുന്നു സംഭവം.
ഇദ്ദേഹത്തിന്റെ മകനും പ്രതിയും സുഹൃത്തുക്കളാണ്. നേരത്തെയും ഈ വീട്ടിലെത്തി ഇയാള്‍ മകനുമൊത്ത് മദ്യപിച്ചിരുന്നു. അപ്പോഴൊക്കെയും ശശി വിലക്കാറുമുണ്ട്. കഴിഞ്ഞദിവസവും എത്തിയ പ്രതി മകന്റെ ഓട്ടോയില്‍ കയറിയിരിക്കുന്നതും തുടര്‍ന്ന് മദ്യപിക്കുന്നതും കണ്ടപ്പോള്‍ ഇറക്കിവിട്ടു. ഇതിന്റെ വിരോധത്താല്‍ വീണ്ടുമെത്തി ശശിയെ അസഭ്യം വിളിച്ചുകൊണ്ട് നെഞ്ചില്‍ തള്ളി താഴെയിട്ടു. തുടര്‍ന്ന് തടികഷ്ണം കൊണ്ട് തലയ്ക്കും മുഖത്തും മറ്റും മര്‍ദ്ദിക്കുകയായിരുന്നു.
ഇടത് പുരികത്തിന് താഴെയായി മുഖത്തും ചെവിക്കു പിന്നില്‍ തലയിലും മുറിവുകള്‍ ഉണ്ടായി. പുറം ഭാഗത്തും ഇടതു തോളിലും മുറിവ് സംഭവിച്ചു. അടികൊണ്ടു സമീപത്തെ തോട്ടില്‍ വീണപ്പോള്‍ വലത് കാലിലും മുറിവുണ്ടായി. സംഭവം കണ്ടു വന്ന ആളുകള്‍ ചേര്‍ന്ന് കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം സ്‌റ്റേഷനില്‍ എത്തി വിവരം പറഞ്ഞ ശശിയുടെ മൊഴി കൂടല്‍ പോലീസ് രേഖപ്പെടുത്തി, തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കൂടലില്‍ നിന്നും പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.