
പന്തളം: മണ്ണെടുപ്പിനെതിരേ പ്രക്ഷോഭം നടക്കുന്ന പൈവഴി കടലിക്കുന്ന് മലയില്‍ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ബീഹാര്‍ ബാഗന്‍പൂര് ബാബന്‍ഗാമ സ്വദേശി സൂരജ് കുമാര്‍ ഷാ(25) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. ഹിറ്റാച്ചിക്ക് അടിയില്‍പ്പെട്ട് സൂരജ് കുമാര്‍ തല്‍ക്ഷണം മരിച്ചു. സമീപത്ത് മണ്ണെടുപ്പിനെതിരെ സമരം നടക്കുന്ന പന്തലില്‍ നിന്ന് ആള്‍ക്കാര്‍ എത്തി അപകട വിവരം പോലീസിനെ അറിയിച്ചു. ചെങ്ങന്നൂരില്‍ നിന്നും വന്ന അഗ്നിശമന സേന ഉദ്യോഗസ്ഥരാണ് ഹിറ്റാച്ചി ഉയര്‍ത്തി മൃതദേഹം പുറത്തെടുത്ത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഹിറ്റാച്ചിയില്‍ കൂടെയുണ്ടായിരുന്ന സഹായി പശ്ചിമ ബംഗാള്‍ സ്വദേശി ശബരിക്ക് പരുക്കേറ്റു. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
15 ഏക്കറോളം വിസ്തൃതിയുള്ള ചെങ്കുത്തായ മല മുകളിലാണ് കഴിഞ്ഞ ഒരുമാസമായി മണ്ണെടുപ്പ് നടന്ന് വന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ സമരസമിതി രൂപീകരിച്ച് പന്തല്‍ കെട്ടി പ്രതിഷേധ സമരം നടത്തി വരികയാണ്. ബീഹാറില്‍ നിന്ന് ബന്ധുക്കള്‍ എത്തിയ ശേഷം മൃതദ്ദേഹം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് മണ്ണെടുപ്പ് താൽക്കാലികമായി പോലീസ് തടഞ്ഞു.നാട്ടുകാരുടെ പ്രതിഷേധം ശക്തിപ്പെട്ടതോടെ പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സ്ഥലത്തെത്തിയിരുന്നു.ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കലക്ടർ രാജലക്ഷ്മിയുടെ നേതൃത്വത്തിൽറവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.