
കോന്നി: വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ച സംഭവത്തില്‍ ദുരൂഹത. 19 ന് രാത്രി ഒമ്പതു മണിയോടെ വലിയ ശബ്ദത്തോടെ വീട്ടില്‍ തീ പടരുകയും ഇളകൊള്ളുര്‍ ലക്ഷംവീട് കോളനി യില്‍ (ചിറ്റൂര്‍ മുക്ക് പാറപ്പള്ളില്‍) സോമന്‍ നായരുടെ മകന്‍ മഹേഷ് (മനോജ് 37) വെന്തു മരിക്കുകയുമായിരുന്നു. വീടിന് തീ പടരുമ്പോള്‍ സോമന്‍ നായര്‍ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു.
ഇയാളുടെ ഭാര്യ വീടിന് പുറത്തുണ്ടായിരുന്നു. വീട് കത്തുന്നതു കണ്ട് സമീപവാസികള്‍ വിവരമറി യിച്ചതിനെ തുടര്‍ന്ന്അഗ്‌നിരക്ഷാ സേനയും പോലീസുമെത്തി തീയണച്ചപ്പോഴാണ് വീടിനുള്ളില്‍ മനോജിന്റെ മൃതദേഹം കണ്ടത്. ഈ കുടുംബത്തെ ചുറ്റിപ്പറ്റി ദുരൂഹത ഏറുകയാണ്. ഇന്നലെ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ സ്വിച്ച് ബോര്‍ഡിന് സമീപം നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ തീ പിടുത്തത്തിന് കാരണമെന്ന് അറിയണമെങ്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ നിന്നും പരിശോധന നടത്തണം. നാളെ അവര്‍ എത്തി പരിശോധന നടത്തും.
ഈ കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. കാലിന് സ്വാധീനമില്ലാത്തയാളാണ് മഹേഷ്. ഇവരെ കുറിച്ച് നല്ല അഭിപ്രായമല്ല അയല്‍വാസികള്‍ക്ക് ഉള്ളത്. കുടുംബത്തിലുള്ള മൂന്നു പേരും മദ്യപിക്കുമെന്നും അസഭ്യ വര്‍ഷവും വഴക്കും പതിവാണെന്നും അയല്‍ക്കാര്‍ പറയുന്നു. സംഭവം നടന്ന ദിവസവും ഇവര്‍ മദ്യലഹരിയിലായിരുന്നു. തീ പിടുത്തത്തിന് മുന്‍പ് അച്ഛനും മകനുമായി വഴക്ക് നടന്നിരുന്നു. മൃതദേഹം ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി. കൂടുതല്‍ പരിശോധനകളും അന്വേഷണവും ഉണ്ടാകുമെന്ന് പോലീസ് സൂചന നല്‍കി. മരി ച്ച മനോജിന്റെ സഹോദരി മഞ്ജു.