എസ്എന്‍ഡിപി ശാഖാ സെക്രട്ടറിക്ക് നേരെ കൊലവിളി: പ്രതിയെ പുലര്‍ച്ചെ വീടു വളഞ്ഞ് പോലീസ് പിടികൂടി

0 second read
0
0

അടൂര്‍: ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തിന് ഗുരുപ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പത്തിന് ഗുണനിലവാരമില്ലെന്ന് പറഞ്ഞ് എസ്എന്‍ഡിപി ശാഖാ സെക്രട്ടറിക്ക് നേരെ അസഭ്യവര്‍ഷവും കൊലവിളിയും നടത്തുകയും ആക്രമിക്കാന്‍ വീട്ടിലെത്തുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു.

കടമ്പനാട് വടക്ക് പാലത്തുണ്ടില്‍ ഷൈജുവിനെതിരേയാണ് അസഭ്യ വര്‍ഷത്തിനും വീട്ടിലെത്തി ഭീഷണി മുഴക്കിയതിനും കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ 17 ന് രാത്രി ഒമ്പതിനാണ് സംഭവം. അടൂര്‍ എസ്എന്‍ഡിപി യൂണിയന് കീഴിലുള്ള 3682-ാം നമ്പര്‍ നെല്ലിമുകള്‍ ശാഖയുടെ സെക്രട്ടറി അരുണ്‍  സുദര്‍ശനനെയാണ് ഫോണിലൂടെ ഷൈജു അസഭ്യം പറയുകയും വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്. പിന്നാലെ ഇയാള്‍ അരുണിന്റെ വീട്ടുമുറ്റത്തു ചെന്ന് വെല്ലുവിളിച്ചു. ഈ സമയം അരുണ്‍ അവിടെ ഉണ്ടായിരുന്നില്ല. അരുണിന്റെ മാതാവിനെയും ഭാര്യയെയും ഇയാള്‍ വെല്ലുവിളിക്കുകയും ചെയ്തു.

ശാഖാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോട് അനുബന്ധിച്ച് ഗുരുപൂജാ പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പത്തിന് ഗുണനിലവാരമില്ലെന്ന പേരിലായിരുന്നു ഫോണിലൂടെ അസഭ്യം വിളിച്ചതും ഭീഷണി മുഴക്കിയതും. അതിന് ശേഷം നേരില്‍ കൈകാര്യം ചെയ്യാനാണ് വീട്ടുമുറ്റത്ത് ചെന്നത്.

ഷൈജുവിനെതിരേ സ്ത്രീകള്‍ക്കെതിരായ അതിക്രമം അടക്കം ആറോളം കേസുകള്‍ നിലവിലുണ്ട്. ശാഖാ സെക്രട്ടറിക്കെതിരേ ഭീഷണി മുഴക്കിയതോടെ അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ നേതൃത്വം ഇടപെടുകയും ഇവരുടെ നിര്‍ദേശ പ്രകാരം സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് എസ്പിക്ക് പരാതി നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ ഷൈജു ഒരു പ്രാദേശിക സിപിഎം നേതാവിന്റെ സഹായത്തോടെ അരുണ്‍ തന്നെ ആക്രമിക്കുവാന്‍ ശ്രമിച്ചുവെന്ന് കാട്ടി ഏനാത്ത് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കൗണ്ടര്‍ കേസ് എടുപ്പിച്ച് പരാതി പിന്‍വലിക്കാനുള്ള നീക്കം പക്ഷേ, പോലീസ് തിരിച്ചറിഞ്ഞു. എസ്എച്ച്ഓ അമൃത് സിങ് നായകത്തിന്റെ നേതൃത്വത്തില്‍ അരുണിന്റെ മൊഴി എടുത്ത് ഷൈജുവിനെതിരേ കേസ് എടുക്കുകയായിരുന്നു.

ഫോണ്‍ കാള്‍ അരുണ്‍ റെക്കോര്‍ഡ് ചെയ്ത് ഷൈജുവിന്റെ സഹോദരന്‍ ബൈജുവിന് അയച്ചുകൊടുത്തിരുന്നു.ഗുരുമന്ദിരത്തിലെ പൂജാരിയെ മാറ്റാന്‍ ഷൈജു മുമ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടാവാത്തതില്‍ വിരോധമുണ്ടായിരുന്നതായി മൊഴിയിലുണ്ട്. എസ്.ഐ ആര്‍. ശ്രീകുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാളോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും എത്തിയില്ല. തുടര്‍ന്നാണ്  ഇന്നലെ പുലര്‍ച്ചെ വീട് വളഞ്ഞ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

പത്തനംതിട്ട റിങ് റോഡില്‍ ജിമ്‌നി ജീപ്പും സ്‌കൂട്ടറും കൂട്ടിയിടച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പത്തനംതിട്ട: റിങ് റോഡില്‍ സ്‌റ്റേഡിയം ജങ്ഷന് സമീപം മാരുതി ജിമ്‌നി ജീപ്പും സ്‌കൂട്ടറും കൂട്…