
അജോ കുറ്റിക്കന്‍
ആറന്മുള: സംസ്ഥാനമൊട്ടാകെ അംഗീകാരമില്ലാത്ത വ്യാജ പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ തലപൊക്കുന്നു. ഇത്തരം സ്ഥാപനങ്ങളുടെ കോഴ്‌സുകളില്‍ ചേര്‍ന്ന് തട്ടിപ്പിന് ഇരയായി ഭാവിയും പണവും ഭാവിയും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ബി.എസ്.സി എം.എല്‍.ടി, ഡി.എം.എല്‍.ടി, നഴ്‌സിങ്, ഫിസിയോ തെറാപ്പി, ഓപ്പറ്റിയോമെട്രീ, ഫാര്‍മസി, എക്‌സ്‌റേ ടെക്‌നിഷ്യന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ് ടെക്‌നിഷ്യന്‍, ഡയാലിസിസ് ടെക്‌നിഷ്യന്‍ തുടങ്ങിയ കോഴ്‌സുകളാണ് ഒരു വര്‍ഷത്തെയും ആറും രണ്ടും മാസ
കാലയളവിലുമെല്ലാം ഡിപ്ലോമ എന്ന പേരില്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
കേരളത്തില്‍ പാരാമെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വിദേശത്തു പോകുന്നതിനും രജിസ്‌ട്രേഷന്‍ ആവശ്യമാണ്. കോഴ്‌സുകളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത രക്ഷിതാക്കളെയും കുട്ടികളെയുമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വിദേശത്ത് ഉള്‍പ്പെടെ ജോലി വാഗ്ദാനം നല്‍കി കെണിയിലാക്കുന്നത്. കേരളത്തില്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നതും സീറ്റ് അലോട്ട്‌മെന്റ് നടത്തുന്നതും.
എല്ലാ വര്‍ഷവും ജൂണ്‍, ജൂലായ്,ഓഗസ്റ്റ് മാസങ്ങള്‍ അടുപ്പിച്ചാണ്. സര്‍ക്കാര്‍ പത്ര മാധ്യമങ്ങളില്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിക്കുന്നത്. മൂന്ന് വര്‍ഷത്തെ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് വഴിയാണ് നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകളും പത്ര മാധ്യമങ്ങളിലൂടെയാണ് നല്‍കുന്നത്.കേരളത്തില്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന മറ്റു യൂണിവേഴ്‌സിറ്റികളൊന്നും നിലവിലുമില്ല.