
പമ്പ: ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ പോലീസ് കണ്ട്രോള് റൂമിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ കല്ലെടുത്തെറിഞ്ഞു കേടുപാട് വരുത്തിയയാളെ അറസ്റ്റ് ചെയ്തു. ളാഹ പെരുനാട് വെട്ടിക്കോട്ടില്‍ വീട്ടില്‍ വിഷ്ണു (19)വാണ് പമ്പ പോലീസിന്റെ പിടിയിലായത്. പമ്പ ത്രിവേണിയില്‍ 26 ന് വൈകുന്നേരം അഞ്ചോടെ മരാമത്തു കോംപ്ലക്സിന് സമിപത്തെ പോലീസ് കണ്ട്രോള് റൂമിനു മുന്‍വശം ഉള്ള ക്യാമറ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് പ്രതിയുടെ അതിക്രമമുണ്ടായത്.
ഗോവേണിയില്‍ നിന്ന് ക്യാമറ മാറ്റിസ്ഥാപിക്കുന്ന ജോലിയിലേര്‍പ്പെട്ട പാലക്കാട് ഭഗവതി അസോസിയേറ്റ്സ് കമ്പനിയുടെ ടെക്നിഷ്യന്‍ സുജിത്തിനെ ചീത്ത വിളിച്ചുകൊണ്ട് പ്രതി ക്യാമറയുടെ മുന്നിലെ ഗ്ലാസില്‍ കല്ലെടുത്തെറിയുകയായിരുന്നു. തുടര്‍ന്ന്, ക്യാമറ താഴെവീണു പൊട്ടുകയും, സെന്‍സറുകള്‍ക്ക് ഉള്‍പ്പെടെ കെടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 2.90 ലക്ഷം നഷ്ടം കണക്കാക്കുന്നു.
ഭഗവതി അസോസിയേറ്റ്സിന്റെ സൂപ്പര്‍വൈസര്‍ വര്‍ക്കല സ്വദേശി ശരത്തിന്റെ മൊഴി വാങ്ങി പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്ത് പമ്പ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഉടനടി കസ്റ്റഡിയില്‍ എടുത്തു. സ്ഥിരമായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ആളാണ് പ്രതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.