തിരുവല്ല: ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്താത്തതില്‍ പ്രകോപിതനായ യുവാവ് കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചു. ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ചു. ആക്രമണം നടത്തിയ യുവാവിനെ ബസ് ഡ്രൈവറും യാത്രക്കാരും ചേര്‍ന്ന് തടഞ്ഞു വച്ച് പോലീസിന് കൈമാറി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന വേണാട് ബസ്സിലെ കണ്ടക്ടര്‍ക്കും ബസിനും നേരെയാണ് അക്രമണം നടന്നത്.
ചങ്ങനാശ്ശേരി മാടപ്പള്ളി പെരുമ്പനച്ചി പനത്തില്‍ വീട്ടില്‍ സുബിന് (22) ആണ് പിടിയിലായത് . തിരുവല്ല ഡിപ്പോയിലെ ഡ്രൈവര്‍ പി. ശരത് ചന്ദ്രനാണ് മര്‍ദ്ദനമേറ്റത്. എം സി റോഡിലെ പെരുംതുരുത്തിക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് പിന്നിലായി ബസ് നിര്‍ത്തുവാന്‍ സുബിന് ആവശ്യപ്പെട്ടു. ഡ്രൈവര്‍ സ്റ്റോപ്പിനോട് ചേര്‍ന്ന് ബസ് നിര്‍ത്തി. ഇതില്‍ പ്രകോപിതനായ സുബിന് ഡ്രൈവര്‍ക്ക് നേരെ അസഭ്യ വര്‍ഷവുമായി പാഞ്ഞടുത്തു. തടസ്സം പിടിക്കാന്‍ എത്തിയ വനിത കണ്ടക്ടറെയും ഇയാള്‍ അസഭ്യം പറഞ്ഞു.
തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം ബസില്‍ നിന്നും പുറത്തിറങ്ങിയ സുബിന് വഴിയരികില്‍ കിടന്നിരുന്ന ഇഷ്ടിക ഉപയോഗിച്ച് പിന്‍വശത്തെ ചില്ല് എറിഞ്ഞുടക്കുകയായിരുന്നു. ഇത് തടയാന്‍ എത്തിയ ഡ്രൈവര്‍ ശരത്ചന്ദ്രനെ ഇയാള്‍ ഇഷ്ടിക ഉപയോഗിച്ച് അടിച്ചു. സ്ഥലത്ത് നിന്നും രക്ഷപെടാന്‍ ശ്രമിച്ച സുബിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ശരത്ത് ഇടത് കൈക്ക് കടിക്കുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ അടക്കം ചേര്‍ന്ന് തടഞ്ഞു വെച്ച പ്രതിയെ തിരുവല്ല പോലീസിന് കൈമാറുകയായിരുന്നു.